Join News @ Iritty Whats App Group

മൂന്ന് ബോര്‍ഡ് എക്‌സാമുകളുമായി കര്‍ണാടക സര്‍ക്കാര്‍; എസ്എസ്എല്‍സി, പിയുസി പരീക്ഷകള്‍ ഒഴിവാക്കുന്നു


ബംഗളുരു: എസ്എസ്എല്‍സി, പിയുസി (pre-university college supplementary exams) നിര്‍ത്തലാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഇനി മുതല്‍ മൂന്ന് അവസരങ്ങള്‍ ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഫൈനല്‍ ബോര്‍ഡ് എക്‌സാമുകള്‍ മൂന്ന് തവണ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് പരീക്ഷകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായിരിക്കും അന്തിമമായി പരിഗണിക്കുകയെന്ന് പ്രാഥമിക-സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

അധ്യാപക ദിനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2023-24 അക്കാദമിക വര്‍ഷം മുതല്‍ ഈ രീതി നടപ്പാക്കുമെന്നാണ് സൂചന. എസ്എസ്എല്‍സി, പിയുസി(ക്ലാസ് 11,12) വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ മൂന്ന് തവണ ബോര്‍ഡ് എക്‌സാം എഴുതാന്‍ കഴിയും. ഇതോടെ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ക്ലാസ്സിലേക്ക് പോകാനാകും. ഇതുവരെ രണ്ട് പരീക്ഷകളാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തി വന്നിരുന്നത്.

‘ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ മൂന്ന് തവണ പരീക്ഷയെഴുതാന്‍ അവസരം ലഭിക്കും. കുറഞ്ഞ മാര്‍ക്ക് ലഭിക്കുകയോ, അല്ലെങ്കില്‍ പരീക്ഷയില്‍ പരാജയപ്പെടുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് പരീക്ഷകള്‍ എഴുതാം,’എന്ന് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

അക്കാദമിക പുരോഗതി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരത്തിന് സര്‍ക്കാര്‍ മുന്നോട്ട് വന്നത്. ഈ പരീക്ഷകളുടെ ടൈംടേബിളും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പരാജയപ്പെട്ടാലും അടുത്ത ക്ലാസുകളിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന പരിഷ്‌കാരമാണിതെന്ന് ബംഗാരപ്പ ചൂണ്ടിക്കാട്ടി.കൂടാതെ സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ട വിതരണം ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

” ആഴ്ചയില്‍ രണ്ട് ദിവസം മുട്ട വിതരണം ചെയ്യാന്‍ തീരുമാനിച്ചു. നേരത്തെ ആഴ്ചയില്‍ ഒരു ദിവസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കിയിരുന്നത്. 58 ലക്ഷം കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുക. ഏകദേശം 280 കോടിയാണ് പദ്ധതിച്ചെലവ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും,” മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകളില്‍ അധ്യാപകരുടെ കുറവ് നികത്താനുള്ള പദ്ധതികളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ” വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് മനസിലാക്കിയതിന് ശേഷമാണ് മുഖ്യമന്ത്രി ഗസ്റ്റ് അധ്യാപക നിയമന ഉത്തരവ് പാസാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ 10000 ഗസ്റ്റ് ലക്ചര്‍മാരെയാണ് നിയമിച്ചത്”, മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group