ബെംഗളൂരു: ഹുളിമാവില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍. ബെലഗാവി സ്വദേശി രേണുകയാണ് (രേഖ-34) അറസ്റ്റിലായത്. രേണുക കൊല്ലപ്പെട്ട പാനൂര്‍ അണിയാരം സ്വദേശി ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി ഹുളിമാവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ചൊവ്വാഴ്ച്ച ഉച്ചയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് രേണുക ജാവേദിനെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രേണുകയാണ് ജാവേദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചെന്ന് പോലീസ് പറഞ്ഞു.
ജാവേദ് നഗരത്തില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു. മുന്‍പും നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി യുവതിയുടെപേരില്‍ കേസുകളുണ്ട്.ഹോട്ടലുകളില്‍ താമസിച്ചശേഷം പണം നല്‍കാതെ പോകുന്നത് ചോദ്യംചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചതിനാണ് ഭൂരിഭാഗം കേസുകളും. മൈകോ ലേഔട്ട്, കോറമംഗല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രേണുകയുടെപേരില്‍ കേസുണ്ട്. യുവതിയ്ക്ക് മയക്കുമരുന്ന് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നു. ഹുളിമാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ജാവേദിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി
Post a Comment