Join News @ Iritty Whats App Group

വിമാന നിരക്ക് കൊള്ളയിൽ നിന്ന് രക്ഷപ്പെടുമോ പ്രവാസികള്‍? ദുബായ്-കൊച്ചി കപ്പൽ സര്‍വീസ്, പ്രതീക്ഷയോടെ സംഘടനകളും


ദുബൈ: ദുബൈ - കൊച്ചി കപ്പൽ സര്‍വീസ് വരുമെന്ന പ്രതീക്ഷയില്‍ പ്രവാസികളും പ്രവാസി സംഘടനകളും. കപ്പലു വരുമോ ഇല്ലയോ? വരും. ഡിസംബറിൽ സാംപിൾ കപ്പൽ, അത് കഴിഞ്ഞാൽ സ്ഥിരം കപ്പൽ. വിമാന നിരക്ക് കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ നിന്ന് ദുബൈയിലേക്ക്
കപ്പൽ സർവ്വീസെന്ന് കേട്ടത് മുതൽ പ്രതീക്ഷയുടെ അങ്ങേയറ്റത്താണ് പ്രവാസി സംഘടനകൾ.
 
മൂന്ന് ദിവസം അങ്ങോട്ട്.. 3 ദിവസം ഇങ്ങോട്ട്. 3 ദിവസം ഇരുന്നാലെന്താ, നാട്ടിലേക്കും തിരിച്ചുമായി ടിക്കറ്റ് വെറും പതിനായിരം രൂപ. ലഗേജ് 200 കിലോ വരെ കൊണ്ടുപോകാം. ആദ്യം ദുബൈ - കൊച്ചി, അല്ലെങ്കിൽ ദുബായ് ബേപ്പൂർ. പിന്നെ പ്രവാസികൾ കൂടുതലുള്ള മറ്റു രാജ്യങ്ങൾ. മനക്കോട്ട കെട്ടുന്നത് മതിയെന്ന് പറയാൻ വരട്ടെ. ഇതൊന്നും വെറുതെയങ്ങ് പറയുന്നതല്ലെന്നും, ഡിസംബറിൽ നടക്കാൻ പോകുന്ന
കാര്യങ്ങളാണെന്നും കപ്പൽ സർവ്വീസിനായി ഓടി നടക്കുന്ന മലയാളി സംഘടനകൾ പറയുന്നു.

1128 യാത്രക്കാരെ കൊള്ളുന്ന, സ്ലീപ്പ് ബെർത്തുകൾ ഉൾപ്പടെയുള്ള കപ്പൽ തയാറാണെന്നാണ്
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീം പറയുന്നത്. ആദ്യംചാർട്ടർ ചെയ്തുള്ള തൽക്കാല കപ്പലാകും സർവ്വീസ് നടത്തുക. കപ്പൽ സ്വന്തമായി വാങ്ങാനും ശ്രമമുണ്ട്. അതിന് പക്ഷെ ഡിസംബറിലെ പരീക്ഷണം വിജയിക്കണം.  

എന്തായാലും കേന്ദ്ര അനുമതിയാണ് ഏറ്റവും പ്രധാനം. സർക്കാരിന്റെ ഭാഗത്ത് നിന്ന് മാരിടൈം ബോർഡുൾപ്പടെ ആവേശത്തിലാണ്. നടത്തിപ്പിന് സ്വകാര്യ കൺസോഷ്യം തയാറെങ്കിൽ പിന്തുണയ്ക്കാൻ സർക്കാർ നൂറുശതമാനം റെഡിയെന്നാണ് മാരിടൈം ബോർഡിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടുന്നുണ്ട്. പക്ഷെ കടമ്പകൾ മുന്നിലുണ്ട്. സംഗതി പ്രായോഗികമാണോ അല്ലയോ എന്നറിയാൻ ഫീസിബിലിറ്റി സ്റ്റഡി നടത്തണം. കേന്ദ്രാനുമതി ലഭിക്കണം. എയർ കേരള, ചാർട്ടർ ചെയ്ത വിമാനം അങ്ങനെ പലതും കേട്ട പ്രവാസിക്ക് ഇതും കേൾക്കുന്നത് പതിവ് പല്ലവി പോലെ തോന്നുന്നതിൽ കുറ്റപ്പെടുത്താനാവില്ല.  

പക്ഷെ പ്രവാസി സംഘടനകൾ ആവേശത്തിലാണ്. കൊള്ള നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളിൽ നിന്ന് രക്ഷപ്പെടാൻ, 3 ദിവസം കപ്പലിലിരിക്കാൻ തയാറാവേണ്ടി വരുന്ന പ്രവാസിയുടെ അവസ്ഥ,
നിരക്ക് കുത്തനെ കയറുന്ന തിരക്കുള്ള സീസൺ കഴിഞ്ഞാൽ ഓഫ് സീസണിൽ എത്ര പർ കപ്പൽയാത്രയ്ക്ക് തയാറാകും എന്ന ചോദ്യം, അങ്ങനെ പലതുമുണ്ട് ബാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group