Join News @ Iritty Whats App Group

ഭക്ഷണത്തിന് ഹോട്ടലുകള്‍ തോന്നിയപോലെ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ നിയമം കൊണ്ടുവരാൻ സര്‍ക്കാര്‍. ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നല്‍കി ഭക്ഷണവില സര്‍ക്കാര്‍ നിശ്ചയിക്കും

                 
ഭക്ഷണത്തിന് ഹോട്ടലുകള്‍ തോന്നിയ പോലെ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ നിയമം കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനം.

നവംബറിലെ നിയമസഭാ സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കും. വില തോന്നിയപോലെ കൂട്ടുന്ന ഹോട്ടല്‍, റസ്റ്റോറന്റുകള്‍ക്ക് കടിഞ്ഞാണിടാൻ ഹോട്ടലുകള്‍ക്ക് ക്‌ളാസിഫിക്കേഷൻ ഏര്‍പ്പെടുത്തും. ഉപഭോക്തൃ വകുപ്പ് ബില്ലിന്റെ കരട് തയ്യാറാക്കിത്തുടങ്ങി. ഹോട്ടലുകളിലെ അമിതവില ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മ്മാണം.

ഹോട്ടലുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി ക്ളാസിഫിക്കേഷൻ നിശ്ചയിക്കും. എ, ബി, സി എന്നിങ്ങനെ ഗ്രേഡുകളായി തിരിക്കും. ഹോട്ടലിന് മുന്നിലെ ബോര്‍ഡില്‍ ഹോട്ടലിന് ലഭിച്ചത് ഏതു ഗ്രേഡാണെന്ന് പ്രദര്‍ശിപ്പിക്കണം. ഉപഭോക്താവിന് ഗ്രേഡ് മനസിലാക്കി ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കാം. കൂടുതല്‍ സൗകര്യങ്ങളുള്ള എ ഗ്രേഡ് ഹോട്ടലുകളിലാകും കൂടിയ വില. സി ആണ് ഏറ്റവും കുറഞ്ഞ ഗ്രേഡ്. അവിടെ കുറഞ്ഞ വിലയായിരിക്കും.

ഹോട്ടലുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ വില ഏകീകരിക്കാനോ നിയന്ത്രിക്കാനോ സര്‍ക്കാരിന് നിയമ തടസമുള്ളതിനാലാണ് ഹോട്ടലുകള്‍ക്ക് ക്‌ളാസിഫിക്കേഷൻ ഏര്‍പ്പെടുത്തി അതിനെ മറികടക്കുന്നത്. സാധാരണക്കാരുടെ ആശ്രയമായ തട്ടുകടകളെ ഗ്രേഡിംഗില്‍ നിന്നും ഒഴിവാക്കും. എന്നാല്‍ അവിടെ കൊള്ളവില വാങ്ങുന്നത് അനുവദിക്കില്ല.

ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ അപ്പവും മുട്ടക്കറിയും കഴിച്ച പി.പി.ചിത്തരഞ്ജൻ എം.എല്‍.എ ക്ക് ഭീമമായ ബില്‍ ലഭിച്ചതിനെക്കുറിച്ചുണ്ടായ തര്‍ക്കം വിവാദമായിരുന്നു. ഹോട്ടലുടമകള്‍ക്ക് തങ്ങള്‍ വില്‍ക്കുന്ന ഭക്ഷണ സാധങ്ങള്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കാമെന്ന നിലവിലെ നിയമം കാരണം അന്ന് ഹോട്ടലുടമക്കെതിരെ നടപടി ഉണ്ടായില്ല. ഹോട്ടലുകളുടെ അമിത വില ഈടാക്കല്‍ സംബന്ധിച്ച്‌ പരാതി തുടരുന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നത്.

ഹോട്ടലുകളില്‍ വില നിയന്ത്രണം കൊണ്ടുവരാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും. ഹോട്ടലുകളിലെ വൃത്തി , ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം എന്നിവ പരിഗണിച്ചുള്ള ഗ്രേഡിംഗിനെകുറിച്ചാണ് ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ ഭക്ഷ്യസാധനങ്ങള്‍ വൃത്തിയുള്ള സാഹചര്യത്തിലാണോ പാചകം ചെയ്യുന്നതെന്ന് മാത്രമേ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധിക്കാനാകൂ എന്നും ഗുണനിലവാരം, അളവ് , വില എന്നിവയെക്കുറിച്ചുള്ള പരിശോധനകള്‍ നടത്താൻ തങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്നുമാണ് ഉപഭോക്തൃവകുപ്പിന്റെ വാദം.

ഓണക്കാലത്ത് പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ , കോഴിയിറച്ചി എന്നിവയുടെ വില കൂടിയത്തിന്റെ ചുവട് പിടിച്ചാണ് വിലക്കയറ്റം തുടരുന്നത്. ഊണിനും ,പ്രഭാത ഭക്ഷണങ്ങള്‍ക്കും പുറമെ ഇറച്ചി വിഭവങ്ങള്‍ക്കും , മീൻ വിഭവങ്ങള്‍ക്കും വലിയ വിലക്കയറ്റമാണ് ഉണ്ടായത്. കോഴിയിറച്ചി വിഭവങ്ങള്‍ക്കാണ് പ്രധാനമായും വിലവര്‍ദ്ധന. മൂന്ന് പീസുള്ള ചിക്കൻ കറിക്ക് 160-220 രൂപ വരെയായി. ചിക്കൻ ഫ്രൈ 300രൂപയായി. രണ്ടു പീസുള്ള ബിരിയാണിക്ക് 180 -300 രൂപ. മീൻ വിഭവങ്ങള്‍ക്ക് ഓരോ ദിവസവും ഓരോ വിലയാണ്.

'സൈസ് അനുസരിച്ച്‌ വില ' എന്നാണ് ഹോട്ടലുകളുടെ വില വിവരപ്പട്ടികയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് കിലോയുള്ള കോഴിയില്‍ നിന്ന് 1.3 കിലോ മാംസം ലഭിക്കും. രണ്ട് കിലോ കോഴിക്ക് 350 രൂപ. 1.3 കിലോയില്‍ നിന്ന് അഞ്ച് ഫുള്‍ ഫ്രൈ. ഒരു ഫ്രൈക്ക് 300 രൂപ വച്ച്‌ ഒരു കോഴിയില്‍ നിന്ന് 1500 രൂപ. എണ്ണ, മസാല, ജോലിക്കൂലി മാറ്റിയാലും കൊള്ള ലാഭമാണ്. ഇതിനെല്ലാം തടയിടാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group