ബെംഗളൂരു: മദ്യപിക്കുന്നതിന് നിയമപരമായ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതുപോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ, ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും അത് കൂടുതൽ ഗുണം ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. ചില എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശവുമായി ബന്ധപ്പെട്ട് ഹൈകോടതി സിംഗിള്‍ ബെഞ്ച് പുറത്തിറക്കിയ ഉത്തരവിനെതിരെ എക്സ് പ്ലാറ്റ്ഫോം നല്‍കിയ അപ്പീല്‍ ഹരജി പരിഗണിക്കുന്നതിടെയാണ് ജസ്റ്റിസ് ജി. നരേന്ദര്‍, വിജയകുമാര്‍ എ. പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
'സാമൂഹിക മാധ്യമങ്ങളെ നിരോധിക്കണം, അങ്ങനെ സംഭവിച്ചാല്‍ ഒരുപാട് നല്ലകാര്യങ്ങളുണ്ടാകും. ഇന്ന് സ്കൂളില്‍ പോകുന്ന കുട്ടികള്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ എക്സൈസ് നിയമം പോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും ഒരു പ്രായപരിധിയുണ്ടായിരിക്കണം'- എന്നായിരുന്നു ജസ്റ്റിസ് ജി. നരേന്ദറിന്‍റെ നിരീക്ഷണം. 17,18 വയസു പ്രായമായാലും കുട്ടികള്‍ക്ക് ദേശതാല്‍പര്യത്തിന് അനുകൂലമായതിനെക്കുറിച്ചും വിരുദ്ധമായവയെക്കുറിച്ചും വേര്‍തിരിച്ചുമനസിലാക്കാനുള്ള പക്വതയുണ്ടാകുമോ? സാമൂഹിക മാധ്യമങ്ങള്‍ മാത്രമല്ല. ഇന്‍റര്‍നെറ്റിനുള്ളിലുള്ള പലകാര്യങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. അവരുടെ മനസിനെയാണ് അവ കളങ്കപ്പെടുത്തുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം- കര്‍ണാടക ഹൈകോടതി നിരീക്ഷിച്ചു.
എക്സ് പ്ലാറ്റ്ഫോമിന്‍റെ അപ്പീല്‍ ഹരജിയില്‍ ബുധനാഴ്ച വീണ്ടും വാദം തുടരും. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ നിർദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റ ഉത്തരവിനെതിരെയാണ് എക്സ് പ്ലാറ്റ്ഫോം (മുന്‍ ട്വിറ്റര്‍) ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന് സമീപിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണ് ട്വിറ്ററിന്‍റെ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശം നടപ്പിലാക്കാൻ വൈകിയതിൽ ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ഈടാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് എക്സ് പ്ലാറ്റ്ഫോം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
Post a Comment