കോഴിക്കോട്: ന്യൂജെൻ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. വടകര പതിയാരക്കരയിലെ ദമ്പതികളാണ് തൊട്ടിൽപാലത്ത് പൊലീസിന്‍റെ പിടിയിലായത്. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടിൽപാലം പൊലീസും ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) അംഗങ്ങളും ചേർന്ന് പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 92 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
കെഎൽ 18 എസി 2547 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാത്തൻകോട്ട്നടയിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. ഇവർ ബംഗളൂരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്തുന്നതായി രഹസ്യ വിവരത്തെ തുടർന്ന് റൂറൽ എസ്പി കറുപ്പസാമി, ഡാൻസാഫ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മാസങ്ങളമായി ഇവരുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്.
ഒടുവിൽ ഇന്നലെ രാത്രി ബംഗളൂരുവില്‍ നിന്ന് കാറിൽ കടത്തി കൊണ്ട് വരുന്ന വഴി ചത്തങ്കോട്ട് നടയിൽ പിടിയിലാവുകയായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് മൂന്നു ലക്ഷത്തോളം രൂപ വില വരും. തൊട്ടിൽപാലം ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ, എസ്ഐ പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗണേശൻ, വനിത സിവിൽ പൊലീസ് ഓഫീസർ ദീപ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ്, അജേഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്ന സംഘമാണ് പിടികൂടിയത്. കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ അബ്ദുള്ള കുഞ്ഞിപ്പറമ്പത്തിന്റെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post a Comment