Join News @ Iritty Whats App Group

' ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ; 'സി.പി.എമ്മാ'; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സാദിഖ് അലി തങ്ങൾ


ഇടുക്കി: യാത്രയിലെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങള്‍. പീരുമേട്ടിൽ പള്ളി ഉദ്ഘാടനത്തിനെത്തി തിരിച്ചുവരുന്നതിനിടെയിൽ ഭക്ഷണം കഴിക്കാനായി കയറിയ കഞ്ഞിക്കടയും അത് നടത്തുന്ന കുടുംബത്തെയും കുറിച്ചുള്ള കുറിപ്പാണ് സാദിഖലി തങ്ങള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലുടെ പങ്കുവച്ചത്. കഞ്ഞി കുടിച്ച് തിരിച്ചിറങ്ങുമ്പോൾ കടയുടമ തന്നെ തിരിച്ചറിഞ്ഞതും സുഖ വിവരം അന്വേഷിച്ചതും കുറിപ്പിൽ പറയുന്നുണ്ട്. പോസ്റ്റിൽ അവരുടെ ചിത്രവും അവിടുന്ന കഞ്ഞി കുടിച്ച ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പീരുമേട്ടിൽ ഇന്നലെ പള്ളി ഉൽഘാടനമുണ്ടായിരുന്നു.

രാത്രിവൈകിയതിനാൽ ഇന്ന് മടക്കയാത്ര.

വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകൾ.

ഇരുവശവും വനം പ്രദേശം.

കടകളും മറ്റും കുറവ്.

ഉച്ചക്ക് രണ്ടരയോടെ താഴ്‌വാരത്തെത്തി.

വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം.അവിടെ ചെറിയൊരു കടകണ്ടു.

വിശപ്പുണ്ടായിരുന്നതിനാൽ വേഗമിറങ്ങി.ഞാനും സുഹൃത്ത് വി.ഇ..ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി.

“കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്”കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു.

കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ വിശപ്പ് ഇരട്ടിച്ചപോലായി.

തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു.

പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോൾ

കടക്കാരനും പുറത്തുവന്നു.

“ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു”ഞാൻ സി.പി.എമ്മാ,എന്ന്.

അത് നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ ഞാനും പറഞ്ഞു.

ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്.

അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമർത്തും കടക്കു പിന്നിൽ വെള്ളം ചാടിക്കൊണ്ടിരുന്നു.

ഞങ്ങൾ ഫോട്ടോയെടുത്തു പിരിഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group