Join News @ Iritty Whats App Group

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരമാവധി സീറ്റുകളിൽ ഒരുമിച്ച് മത്സരിക്കാൻ ഇന്ത്യ മുന്നണി തീരുമാനം

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്നിടത്തോളം സീറ്റുകളിൽ ഒന്നിച്ച് മത്സരിക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യാ മുന്നണി യോഗം തീരുമാനിച്ചു. സീറ്റ് വിഭജന അടക്കമുള്ള ചർച്ച ഉടനെ പൂർത്തിയാക്കും. മുന്നണിയെ നയിക്കാൻ 14 അംഗ ഏകോപന സമിതിയെ നിയോഗിച്ചു. നിലവിൽ സമിതിക്ക് കൺവീനർ ഇല്ല. സമിതിയിലേക്കുള്ള സിപിഎം നേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടുമില്ല.

ഭാരതത്തെ ഒന്നിപ്പിക്കും, ഇന്ത്യ ജയിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് മുന്നണി തിര‍ഞ്ഞെടുപ്പിന് തയ്യാറെടുക്കുക. 14 അംഗ ഏകോപന സമിതിയിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരുമില്ല. കെസി വേണുഗോപാലാണ് കോൺഗ്രസ് പ്രതിനിധി. ശരദ് പവാർ , സഞ്ജയ് റാവത്ത് , തേജസ്വി യാദവ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പലരും പട്ടികയിൽ ഉണ്ട്. സിപിഐയിൽ നിന്ന് ഡി രാജ അംഗമാണ്. സിപിഎമ്മിൽ നിന്നുള്ള അംഗത്തിന്‍റെ പേര് പിന്നീട് തീരുമാനിക്കും.

കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഏകോപന സമിതിയിലില്ല. മുന്നണിയുടെ പ്രചാരണത്തിനും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും ഇടപെടലിനും ഗവേണഷത്തിനുമായി നാല് കമ്മറ്റികൾ കൂടി രൂപീകരിച്ചു. പ്രചാരണ കമ്മറ്റിയിൽ കേരളത്തിൽ നിന്ന് ജോസ് കെ മാണി, എൻകെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജി ദേവരാജൻ എന്നിവരുണ്ട്. ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി രാജ്യവ്യാപകമായി റാലികൾ നടത്താനും യോഗം തീരുമാനിച്ചു. 

ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ ഒരുമിച്ച് നിന്നാൽ ബിജെപിയെ അനായാസം പരാജയപ്പെടുത്താമെന്നാണ് രാഹുൽ ഗാന്ധി യോഗത്തിന് ശേഷം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാവുമെന്ന സൂചന പരിഗണിച്ചാണ് സീറ്റ് വിഭജനം പെട്ടെന്ന് തീർക്കാൻ മുന്നണിയിൽ ധാരണയായത്.

Post a Comment

Previous Post Next Post
Join Our Whats App Group