Join News @ Iritty Whats App Group

സ്കൂൾ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കി; വിദ്യാർത്ഥിനിയുടെ മാതാവും അധ്യാപകരുമടക്കം നാലുപേർക്കെതിരെ കേസ്


കണ്ണൂർ കടമ്പൂർ ഹൈസ്‌കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി ജി സുധിക്കെതിരായ പോക്‌സോ പരാതി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തി. സ്കൂൾ മാനേജ്‌മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ അധ്യാപകരും വിദ്യാർത്ഥിനിയുടെ മാതാവും അടക്കം 4 പേർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു.

സ്‌കൂളിലെ പ്രധാനാധ്യാപകൻ സുധാകരൻ മഠത്തിൽ, സഹ അധ്യാപകൻ സജി, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ മാതാവ് എന്നിവർക്കെതി​രെയാണ് കേസ്.

2022 ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസിൽ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. വിദ്യാർത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. ഒരുവിദ്യാർത്ഥിനിയുടെ മാതാവാണ് പരാതി നൽകിയത്.

പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം നടത്തിയെങ്കിലും അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതാണെന്ന് കണ്ടെത്തി. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നൽകിയ കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തതെന്ന് എടക്കാട് സി ഐ പറഞ്ഞു.

അടുത്ത വർഷം സർവിസിൽനിന്ന് വിരമിക്കാനിരിക്കെയാണ് അധ്യാപകനെ കള്ളക്കേസിൽ കുടുക്കിയത്. പോക്സോ കേസ് അവസാനിപ്പിച്ചിട്ടും അധ്യാപകന്റെ സസ്​പെൻഷൻ ഇതുവരെ പിൻവലിച്ചിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group