തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എം എൽ എ മാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പ്രതികളെ ചേർക്കേണ്ടെന്നാണ് നിയമോപദേശം പറയുന്നത്.
പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈം ബ്രാഞ്ച് ഡിജിപിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ പ്രത്യേകം കേസെടുക്കുക. എംഎ വാഹിദ് , ശിവദാസൻ നായർ എന്നിവർ അടക്കം പുതിയ കേസിൽ പ്രതികളാകും. ഇടത് വനിതാ എംഎൽഎമാരെ തടഞ്ഞു വച്ച് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. മുൻ വനിതാ എംഎൽഎമാരാണ് കേസിൽ പരാതിക്കാർ.
പുതിയ കേസെടുക്കുന്ന കാര്യം ഈ മാസം 21 ന് ക്രൈം ബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും. കോൺഗ്രസ് എംഎൽഎമാരെ പ്രതി ചേർത്തായിരുന്നു അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൽ നിയമോപദേശം തേടിയപ്പോഴാണ് പ്രത്യേക കേസെടുക്കാൻ നിർദ്ദേശം ലഭിച്ചത്.
Post a Comment