Join News @ Iritty Whats App Group

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്, വയനാട്ടിലും ജാഗ്രത നിര്‍ദേശം

കോഴിക്കോടിന് പിന്നാലെ സംസ്ഥാനത്ത് വയനാട്ടിലും ആരോഗ്യവകുപ്പിന്റെ നിപ ജാഗ്രത നിര്‍ദേശം. വയനാട്ടിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ ജാഗ്രത നിര്‍ദേശം ഉള്ളത്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പുമായി ഉടന്‍ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

അതേസമയം കോഴിക്കോട് ജില്ലയിൽ നിപ മരണം സ്ഥിരീകരിച്ചെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. വൈറസ്‌ എങ്ങനെ ബാധിച്ചുവെന്നത് അവ്യക്തമായി തുടരുകയാണ്. ഉറവിടം കണ്ടെത്തുകയെന്നത് പ്രതിരോധ നടപടികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

നിപ വൈറസ്‌ മൂലം മരിച്ച കോഴിക്കോട് സ്വദേശികള്‍ പനി ബാധിക്കുന്നതിന് കുറച്ച് നാളുകൾ മുൻപാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയത്. ഇവർക്ക് വൈറസ്‌ ബാധിച്ചത് സംസ്ഥാനത്തിന് പുറത്തുനിന്നാണോ അതോ നാട്ടിലെത്തിയ ശേഷമാണോ എന്നത് ഇതുവരെയും സ്ഥിരീകരിക്കാൻ ആയിട്ടില്ല. മുൻപ് കേരളത്തിൽ മൂന്ന് തവണ റിപ്പോർട്ട് ചെയ്ത കേസുകളിലും ആദ്യ രോഗിക്ക് വൈറസ്‌ എങ്ങനെ ബാധിച്ചുവെന്നതിനെ കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

ജനങ്ങള്‍ക്കായി കോഴിക്കോട് കലക്ടര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങൾ വെട്ടിമാറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുമ്പോള്‍ സ്രവ വിസർജ്യങ്ങൾ വർദ്ധിക്കുകയും അതിലൂടെ കൂടുതൽ വൈറസുകളെ പുറന്തള്ളുകയും ചെയ്യും. വവ്വാലോ മറ്റു ജീവികളോ കടിച്ചതോ കൊത്തിയതോ ആയ പഴങ്ങള്‍ കഴിക്കരുത്, പഴങ്ങൾ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തു മൃഗങ്ങളെ മേയാൻ അനുവദിക്കാതിരിക്കുക, പഴങ്ങൾ ശുചിയാക്കുമ്പോൾ സോപ്പ് വെള്ളത്തിൽ 10-15 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ശുദ്ധ ജലത്തിൽ കഴുകി ഉപയോഗിക്കണം, പുറം തൊലിയുള്ള പഴങ്ങൾ തൊലിനീക്കം ചെയ്ത് കഴിക്കാവുന്നതാണ്, റമ്പൂട്ടാൻ പോലെ പുറം നാരുകളുള്ള പഴങ്ങളുടെ തൊലി വായ് കൊണ്ട് നീക്കം ചെയ്യാൻ ശ്രമിക്കാതിരിക്കുക തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.

Post a Comment

Previous Post Next Post
Join Our Whats App Group