കൊച്ചി: ആലുവയിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ നിന്നും ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹകരണ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആലുവയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി. സമീപത്തെ സി സി ടിവികളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന് കരുതുന്നു. അസമയത്ത് കുട്ടിയുമായി പോകുന്നത് അവ്യക്തമായി കണ്ട സമീപവാസി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പത്ത് വർഷത്തോളമായി എടപ്പുറത്ത് വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ഒരു വീട്ടിൽ രണ്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്.
അമ്മ ഉണർന്നു നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്. ഇതോടെ അവർ ബഹളംവെച്ചു. ഇതോടെ ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചിൽ നടത്തി. പുലർച്ചെ അഞ്ചുമണിയോടെ സമീപത്തെ പാടത്തുനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. രക്തസ്രാവത്തോടെ നഗ്നയായാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്താനായി ശ്രമം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. നിരവധി അതിഥി തൊഴിലാളികൾ താമസിക്കുന്ന ചാത്തൻപുറത്തെ അടച്ചുറപ്പില്ലാത്ത വീട്ടിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ആലുവയിൽ കഴിഞ്ഞ ജൂലൈ 28ന് അഞ്ചുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
Post a Comment