ഇരിട്ടി: ആറളം ഫാമിലും അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിലും ഭീതിവിതച്ച് കാട്ടാനകൾ. നിരവധി പേരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പുരധിവാസ മേഖലയിൽ വീട്ട് മുറ്റത്തോളം എത്തിയ ആനകൂട്ടം വ്യാപക നാശം വരുത്തി. 13-ാം ബ്ലോക്കിൽ അഞ്ചുകുടുംബങ്ങളുടെ വീട്ടിനു സമീപത്തെത്തിയാണ് ആനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്.
മേഖലയിൽ നിരവധി തെങ്ങുകൾ കുത്തി വീഴ്ത്തി. വാഴകൾക്കും, കമുകിനും, റബറിനും നാശം വരുത്തി. വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാനകൾ വലിയ തെങ്ങുകൾ മറിച്ചിട്ടു. ബ്ലോക്ക് 13-ൽ ജലീലിന്റെ കട ഭാഗത്തെ ചന്ദ്രൻ, മാധവൻ, സുജാത, ശ്രുതി, അയ്യാ എന്നിവരുടെ കൃഷി ഇടങ്ങളിലാണ് നാശം വിതച്ചത്.
ആനയെ കൂടാതെ കുരങ്ങുകളുടെ ശല്യവും വർധിച്ചു വരികയാണെന്ന് താമസക്കാർ പറയുന്നു. ആനകൂട്ടം ഇറങ്ങി വിളകൾ നശിപ്പിക്കുന്നത് അറിയിച്ചിട്ടും വനപാലകർ എത്താൻ വൈകിയതാണ് ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കാൻ കാരണം എന്നാണ് ഇവരുടെ പരാതി. വന്യമൃഗങ്ങളുടെ ശല്യം മൂലം ഒന്നും കൃഷിയിറക്കാൻ കഴിയാതെ കഷ്ടപ്പെടുകയാണ് മേഖലയിലെ കുടുംബങ്ങൾ.
ആറളം വനത്തിൽ നിന്നാണ് ആനകൂട്ടം ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. വനാതിർത്തിയിലെ ആനമതിൽ ആറിടങ്ങളിൽ തകർത്തിട്ടുണ്ട്. ഇവ പുനർനിർമ്മിക്കാഞ്ഞതിനാൽ രാത്രികാലങ്ങളിൽ വനത്തിൽ നിന്നും ജനവാസ മേഖലയിൽ എത്തുന്ന ആനകൾ പുലർച്ചയോടെ വീണ്ടും വനത്തിലേക്ക് തന്നെ പോവുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കച്ചേരിക്കടവിൽ ചെറുപ്പാട്ട് വർഗീസിന്റെ പുരയിടത്തിൽ എത്തിയ ആന തെങ്ങ്, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി. വാർഡ് അംഗം ഐസക്ക് ജോസഫും സ്ഥലത്തെത്തി. മാക്കൂട്ടം വനമേഖലയിൽ നിന്നാണ് ഇവിടെ ആന എത്തിയതെന്നാണ് സംശയിക്കുന്നത്.
ആനകളുടെ പരാക്രമം റബ്ബർ മരങ്ങളോടും
ഫാമിന്റെ വരുമാന സ്ത്രോതസുകളിൽ പ്രധാനപ്പെട്ട തെങ്ങുകളിൽ വര്ഷങ്ങളായി ആയിരക്കണക്കിന് തെങ്ങുകൾ നശിപ്പിച്ച കാട്ടാനക്കൂട്ടം ഇപ്പൊൾ തിരിഞ്ഞിരിക്കുന്നത് റബർ മരങ്ങൾക്ക് നേരെയാണ്. കടക്കെണിയിൽ മുങ്ങിനിൽക്കുന്ന ഫാമിന്റെ ഇപ്പോഴുള്ള ഏക വരുമാന മാർഗ്ഗം റബ്ബറാണ്. റബ്ബർ മരങ്ങൾക്കു നേരെ തിരിഞ്ഞിരിക്കുന്ന ആനക്കൂട്ടം ടാപ്പ് ചെയ്യുന്ന റബറിന്റെ തൊലി പൊളിച്ചെടുത്ത് നശിപ്പിക്കുകയാണ്. ഇതുമൂലം റബർ ടാപ്പ് ചെയ്യാൻ പറ്റാത്തത് കൂടാതെ റബർ പൽ വാർന്ന് മരങ്ങൾ നശിക്കുന്ന അവസ്ഥയിലാണ്. ഫാമിന്റെ ബ്ലോക്ക് ആറിൽ ഇത്തരത്തിൽ നിരവധി മരങ്ങളാണ് നശപ്പിച്ചിരിക്കുന്നത്. മഴ പ്രതിരോധത്തിനായി പ്ലാസ്റ്റിക് ഇട്ടെങ്കിലും ആനകളെ ഭയന്ന് ടാപ്പിംങ്ങ് നടത്താൻ പറ്റാത്ത സാഹചര്യം ആണെന്നും തൊഴിലാളികൾ പറയുന്നു. മുൻപ് നിരവധി കശുമാവുകളുടെ തൊലിയും ആനകൾ ഈ വിധം പൊളിച്ചു കളഞ്ഞ് മരങ്ങൾ നശിപ്പിച്ചിരുന്നു. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ നിർമ്മിക്കുന്ന ആനമതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാതെ ഇഴഞ്ഞു നീങ്ങുകയാണ്.
Post a Comment