Join News @ Iritty Whats App Group

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കരുത്; സ്ഥാനാര്‍ത്ഥിത്വം ഇന്ത്യ സഖ്യത്തെ ബാധിക്കുമെന്ന് സിപിഐ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ നിർവാഹക സമിതിയിൽ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നാണ് ആരോപണം. രാജ്യസഭ എംപി പി സന്തോഷ് കുമാറാണ് സമിതിയിൽ ഈ അഭിപ്രായമുന്നയിച്ചത്.

രാഹുൽ ബിജെപിക്കെതിരെ മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണമെന്നും സിപിഐ നിർവാഹക സമിതിയിൽ പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. കേരളത്തിലെ നേതാക്കൾ വയനാട്ടിൽ രാഹുലിനോട് മത്സരിക്കാൻ ആവശ്യപ്പെട്ടു എന്നതിലും അദ്ദേഹം വിമർശനമുയർത്തി. നേരത്തെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ചിരുന്നു.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെ എന്ന അഭിപ്രായം നേരത്തെ ഉയർത്തിയിരുന്നു. ആര് എവിടെ മൽസരിക്കണം എന്ന് കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞിരുന്നു.

അതേസമയം എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിച്ചതിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ വയനാട് സന്ദർശനത്തിൽ എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്നായിരുന്നു പറഞ്ഞത്. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാടെന്നും, വയനാട്ടുകാർ സ്നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് മറ്റ് പാർട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ബിജെപിയെ തോൽപിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോൺ​ഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരി​ഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group