Join News @ Iritty Whats App Group

അര്‍ഹതയില്ലാത്ത 81000 കര്‍ഷകര്‍ ബീഹാറില്‍ പിഎം-കിസാന്‍ ആനൂകൂല്യങ്ങള്‍ കൈപറ്റുന്നു;ഇവർക്ക് ഇതുവരെ ലഭിച്ച തുക തിരികെ വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് സംസ്ഥാന സര്‍ക്കാര്‍


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പിഎം-കിസാന്‍) പദ്ധതിയില്‍ നിന്ന് അനര്‍ഹരായ കര്‍ഷകരും ആനൂകൂല്യം പറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ ആനൂകൂല്യം പറ്റിയ 81000 അനര്‍ഹരായ കര്‍ഷകരെ അയോഗ്യരാക്കി ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഇക്കാര്യം പുറത്തു വന്നത്. ഇവർക്ക് ഇതുവരെ ലഭിച്ച തുക തിരികെ വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദായനികുതി നല്‍കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ അയോഗ്യരാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. ബീഹാറിലെ കൃഷി വകുപ്പ് ഡയറക്ടര്‍ ആലോക് രഞ്ജന്‍ ഘോഷ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കി.

” ബീഹാറില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 81,595 കര്‍ഷകര്‍ പദ്ധതിയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തി. 81.6 കോടി രൂപയാണ് ഈയിനത്തില്‍ ഇവര്‍ക്ക് ലഭിച്ചത്. ഈ തുക തിരിച്ച് പിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ” അദ്ദേഹം പറഞ്ഞു.

സ്വന്തമായി ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് പിഎം കിസാന്‍ പദ്ധതി. മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്.

 പദ്ധതിയ്ക്ക് കീഴില്‍ സംസ്ഥാനസര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ പട്ടിക സമര്‍പ്പിക്കുന്നു. സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം കര്‍ഷകര്‍ക്ക് ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ട് ലഭ്യമാകുകയും ചെയ്യുന്നു. അടുത്തിടെയാണ് ഈ പദ്ധതി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്. അപ്പോഴാണ് അര്‍ഹതയില്ലാത്തവരും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെട്ട കാര്യം വ്യക്തമായത്.

സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് അനര്‍ഹരായ കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ ബാങ്കുകളെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകൾ. കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തടയാനും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമാനമായ സംഭവം കഴിഞ്ഞവര്‍ഷം ആസാമിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിഎം കിസാന്‍ പദ്ധതിയ്ക്ക് കീഴില്‍ അര്‍ഹരല്ലാത്ത 12 ലക്ഷം കര്‍ഷകരാണ് ആസാമിലെ പട്ടികയില്‍ കയറിക്കൂടിയത്. തുടര്‍ന്ന് ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിഎം കിസാന്‍ പദ്ധതിയുടെ പതിനാലാം ഗഡു വിതരണം ഇക്കഴിഞ്ഞ ജൂലൈ 27നായിരുന്നു ആരംഭിച്ചത്. ഇത്തവണ 8.5 കോടി കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമായത്. ഇതിനായി 17000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്തിരുന്നു.

സര്‍ക്കാരിന്റെ ഈ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാനാകുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2019 ഫെബ്രുവരി 24നാണ് ഈ പദ്ധതി ആരംഭിച്ചത്.പിഎം കിസാനിലൂടെ രാജ്യത്തെ 11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതിനോടകം 2.42 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group