Join News @ Iritty Whats App Group

കരിന്തളം - വയനാട് 400 കെ വി ലൈൻ വൈദ്യുതി വകുപ്പിന്റെ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥ തള്ളി കർമ്മ സമിതിയും ജനപ്രതിനിധികളും



ഇരിട്ടി: നിർദിഷ്ട കരിന്തളം - വയനാട് 400 കെ വി വൈദ്യുതിലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന്റെ ഭാഗമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനായി കെ എസ് ഇ ബി മുന്നോട്ടുവെച്ച വ്യവസ്ഥകൾ ജനപ്രതിനിധികളും കർമ്മസമിതി അംഗങ്ങളും സ്ഥലം ഉടമകളും തള്ളി. പ്രശ്‌നം പരിഹരിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ലൈൻ കടന്നുപോകുന്ന നിയോജക മണ്ഡലങ്ങളിലെ എം എൽ എമാരുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഉയർന്ന നിർദ്ദേശത്തിന്റെ ഭാഗമായി ബുധനാഴ്ച ഇരിട്ടി ഐ ബി യിൽ യോഗം ചേർന്നിരുന്നു. മേഖലയിലെ ജനപ്രതിനിധികളും സ്ഥലം ഉടമകളും കർമ്മ സമിതി ഭാരവാഹികളും കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിയിലും തീരുമാനമായില്ല.
 വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ലൈൻ കടന്നു പോകുന്ന നിയോജക മണ്ഡലങ്ങളിലെ എം എൽ എമാർ ജനപ്രതിനിധികൾ കർമ്മ സമിതി ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ ചർച്ചകൾ നടത്തണമെന്നും വിപണി വില അടിസ്ഥാനമാക്കിയുള്ള പാക്കേജിന് രൂപം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ഉണ്ടാകുന്നത് വരെ ഭൂമിയിൽ ഉദ്യോഗസ്ഥർ പ്രവേശിക്കരുതെന്ന് എംഎൽഎമാരായ സജീവ് ജോസഫും സണ്ണിജോസഫും നിർദ്ദേശിച്ചു.
 എടമൺ കൊച്ചിയിലും, മാടക്കത്തറയിലും നടപ്പിലാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ യോഗത്തിൽ അവതരിപ്പിച്ചു. ഈ പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. 2015ൽ നടപ്പിലാക്കിയ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ച് ഇരട്ടിയുടെ 80 ശതമാനവും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലത്തിന് ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 15 ശതമാനവും 40ശതമാനം എസ്‌ഗ്രേഷ്യയും, വിള നഷ്ടത്തിന് സ്ഥിതി വിവര വകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ചിട്ടുള്ള നഷ്ടപരിഹാരവും നൽകും എന്ന വ്യവസ്ഥയാണ് അധികൃതർ മുന്നോട്ടുവച്ചത്. ന്യായവില നിർണ്ണയം വലിയ പരാതിയായി നിലനില്‌ക്കെ വിപണി വില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാര പാക്കേജ് അല്ലാതെ മറ്റൊന്നിനും തെയ്യാറല്ലെന്ന് ഉടമകളും ജനപ്രതികളും അധികൃതരെ അറിയിച്ചു. കെ.എസ.്ഇ.ബി അധികൃതർ ഗൂഢനീക്കത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും സ്ഥല ഉടമകളെ യഥാർത്ഥ വസ്തുത അറിയിക്കുന്നില്ലെന്നും കടുത്ത വിമർശനം ഉണ്ടായി. യോഗത്തിൽ നേതൃത്വം നൽകിയ എംഎൽഎമാരായ സണ്ണി ജോസഫും ,സജീവ് ജോസഫും കെ എസ് ഇ ബിയോട് അതൃപ്തി പ്രകടമാക്കുകയും കുറേക്കൂടി അനുഭാവപൂർവ്വം നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 
എം എൽ എ മാർക്ക് പുറമേ ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ, പി . രജനി, സി .ടി. അനീഷ്, ആൻറണി സെബാസ്റ്റ്യൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി വാഴപ്പള്ളി , അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്‌സൺ മിനി വിശ്വനാഥൻ തുടങ്ങിയവരും കർമ്മസമിതി പ്രതിനിധികളായ ഫാദർ പയസ് പടിഞ്ഞാറേ മുറിയിൽ, ടോമി കരുവഞ്ചാൽ, കെ. എ. ഫിലിപ്പ്, ജോർജ് കിളിയന്തറ, പൈലി വാത്യാട്ട്, ജോൺസൺ അണിയറ, ബെന്നി പുതിയാമ്പ്രം, ബെന്നി പുത്തൻപറമ്പിൽ, കെ എസ് ഇ ബി ട്രാൻസ് ഗ്രിഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ എം. കൃഷ്‌ണേന്ദു, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ പി.ബി. അമർനാഥ്, ടി. പി. ഷഹന ഷാഹുൽ, അസിസ്റ്റൻറ് എൻജിനീയർ എം . അബ്ദുൽ കൈസ് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group