കേരളത്തില്‍ 4 നിപ കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആകെ അഞ്ച് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്ന് സാമ്പിളുകള്‍ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞ 30 ന് മരിച്ചയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ആ മരണവും നിപ ബാധിച്ച് തന്നെയാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വെന്റിലേറ്ററിൽ കഴിയുന്ന 9 വയസുകാരന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രോഗികളുള്ളത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തിക്ക് കോഴിക്കോട് തോട്ടങ്ങൾ ഉണ്ട്. അവിടെ അദ്ദേഹം പോയിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരിശോധനങ്ങൾ നടന്നാൽ ആണ് ഉറവിടം കണ്ടെത്താൻ കഴിയുക.രോഗികളെ കൊണ്ടുവന്ന വാഹനങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്ക് നിർബന്ധമാക്കിയതായും ജില്ലക്ക് അടുത്തുള്ള ജില്ലകൾക്കും ജാഗ്രത നിർദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തര സാഹചര്യം നേരിടാന്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ 75 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരികരിച്ച വ്യക്തികളുടെ സ്ഥലത്തിന്റെ 5 കിലോ മീറ്റർ ചുറ്റളവിൽ കണ്ടെൻമെന്റ് സോൺ പ്രഖ്യാപിച്ചെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് മരിച്ച രണ്ടുപേരുടെ സമ്പർക്കപ്പട്ടികയിലുള്ള 168 പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ആദ്യത്തെയാൾക്ക് 158 പേരുമായി സമ്പർക്കമുണ്ടായി. അവരെ തിരിച്ചരിഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാൾ നൂറിലധികം പേരുമായി സമ്പർക്കം പുലർത്തിയെങ്കിലും അതിൽ 10 പേരെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ എന്നും വീണാ ജോർജ് പറഞ്ഞു.
Post a Comment