കേരളത്തിലെ മറ്റൊരു വെള്ളാനയായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) മാറുന്നു. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് വിമാനത്താവളം കൂപ്പുകുത്തുകയാണെന്നാണ് പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. വരുമാനത്തിന്റെ ഇരട്ടി നഷ്ടമായതോടെ വായ്പ തിരിച്ചടവ് വരെ മുടങ്ങിയിരിക്കുകയാണ്.
2022-23 വര്‍ഷത്തില്‍ വിമാനത്താവളത്തിന്റെ നഷ്ടം 126.27 കോടി രൂപയാണ്. കിയാല്‍ കഴിഞ്ഞ വര്‍ഷം നേടിയ വരുമാനം 115.17 കോടി മാത്രമാണ്. അതായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിയാലിനു നഷ്ടം വരുമാനത്തേക്കാള്‍ കൂടുതല്‍. ഒരു മാസം 10.5 കോടി നഷ്ടത്തിലും പ്രതിദിനം 33.35 ലക്ഷം നഷ്ടത്തിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.
കമ്പനിക്കുള്ളിലെ സാമ്പത്തിക നിയന്ത്രണ സംവിധാനം ദുര്‍ബലമാണെന്ന് ഓഡിറ്റര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ഈ മാസം 29 നാണ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം. ഇതില്‍ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കിയാല്‍ പ്രതിസന്ധികളുടെ കാലത്തിലൂടെ ആണ് കടന്നു പോകുന്നതെങ്കിലും, കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടു മന്ത്രിമാരുള്‍പ്പെടെ 18 ഡയറക്ടര്‍മാരാണുള്ളത്.
2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2023 നേക്കാള്‍ നേരിയ കുറവോടെ 124.30 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കിയാലില്‍ 39.23 ശതമാനം ഓഹരി പങ്കാളിത്തം ഉള്ള കേരള സര്‍ക്കാരാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ. എന്നാല്‍ തുടങ്ങിയത് മുതല്‍ എല്ലാ വര്‍ഷവും കിയാല്‍ തുടര്‍ച്ചയായി നഷ്ടം നേരിട്ടതോടെ സര്‍ക്കാരിന്റെ ഓഹരി മൂലധനമായ 1338.39 കോടി രൂപയുടെ 43 ശതമാനം ഒഴുകി പോയി .
കിയാലിന്റെ ഇതുവരെയുള്ള സഞ്ചിത നഷ്ടം 572.69 കോടിയായി പെരുകിയതോടെ, അതിന്റെ ആസ്തി 2023 മാര്‍ച്ച് 31 ആയപ്പോഴേക്കും 765.70 കോടിയായി താഴ്ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും കമ്പനി ബുദ്ധിമുട്ടുകയാണ്. പലരും കണ്ണൂര്‍ വിമാനത്താളത്തിലെ ജോലി തെന്ന ഉപേക്ഷിച്ച് പോയി. വിമാനത്താവളത്തിലെ വൈദ്യുതല്‍ ബില്‍ അടയ്ക്കാന്‍ പോലുമുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നും വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കിയാല്‍ അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
കേരള സര്‍ക്കാര്‍ കഴിഞ്ഞാല്‍ 16 .20 ശതമാനം ഓഹരികളുള്ള ബി പി സി എല്‍ ആണ് കിയാലിലെ രണ്ടാമത്തെ വലിയ വലിയ ഓഹരി പങ്കാളി. 8 .5 ശതമാനം ഓഹരികളുള്ള എം എ യൂസഫലി മൂന്നാമത്തെയും 7 .47 ശതമാനം ഓഹരികളുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നാലാമത്തെയും വലിയ ഓഹരി പങ്കാളികളാണ്.
എയര്‍ പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐക) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202223) കണ്ണൂര്‍ വിമാനത്താവളം 131.98 കോടി രൂപയും നഷ്ടമാണ് നേരിട്ടത്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതും തിരിച്ചടിയായിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളം ഇരിക്കുന്നത് മെട്രോ നഗരത്തിലല്ല. അതുകൊണ്ട് വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി.കെ സിങ്ങാണ് അറിയിച്ചത്.
വിദേശ വിമാന സര്‍വീസുകള്‍ക്ക് നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യ അനുമതി നല്‍കുമ്പോഴും തിരിച്ച് ആ രാജ്യങ്ങളിലെ ഒന്നോ രണ്ടോ വിമാനത്താവളങ്ങളിലേക്ക് മാത്രമേ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നുള്ളൂ എന്നും ഈ അസന്തുലിതത്വം മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തതെന്നും മന്ത്രി പറയുന്നത്.
കേരളത്തില്‍ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണ്. ഈ ആവശ്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത്.
Post a Comment