ഇരിട്ടി: വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾക്കും, ശീത സമരങ്ങൾക്കും, വർഷങ്ങളായുള്ള പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും മൊടുവിൽ ആറളം ഫാമിൽ പുനരധിവാസ മേഖലയേയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന അതിർത്തിയിൽ ആനമതിൽ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ റീച്ചിൽ പെടുന്ന 2.5 കിലോമീറ്ററിലെ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തി പൂർത്തിയായി. മതിൽ നിർമ്മാണത്തിന്റെ ഉദ്‌ഘാടനം 30 ന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവരെ ഉൾപ്പെടുത്തി നടത്താനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം മരങ്ങൾ മുറിച്ചുമാറ്റുന്നതു സംബന്ധിച്ച ലേലം നടന്നിരുന്നു. ആദ്യറീച്ചിലെ 102 മരങ്ങൾ മുറിച്ചുമാറ്റി അട്ടിയിടുന്നതിന് 1,97,000 രൂപയാണ് ടെണ്ടർ നിശ്ചയിച്ചത്. ആദ്യം മരം വിൽപ്പന ലേലമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടക്കാത്ത സാഹചര്യത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റി അട്ടിയിടാൻ തീരുമാനിച്ചത്.
ആനമതിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ അടയാളപ്പെടുത്തിയ 390 ഓളം മരങ്ങൾക്ക് സോഷ്യൽ ഫോറസ്റ്ററി 21 ലക്ഷം ആണ് വില നിശയിചയിച്ചിരുന്നത്. ഇതിൽ 80 ശതമാനത്തോളം മരങ്ങളും പാഴ് മരങ്ങൾ ആണെന്നതിനാൽ ഇത്രയും തുകക്ക് ലേലം കൊള്ളാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ഇതിനാലാണ് ടി ആർ ഡി എം മരം മുറിച്ച് അട്ടിയിടാനുള്ള ടെണ്ടർ നടപടിയിലേക്ക് നീങ്ങിയത്. വിവിധ റീച്ചുകളായി തരം തിരിച്ചാണ് ഇപ്പോൾ മരങ്ങൾ മുറിച്ചുമാറ്റി അട്ടിയിടുന്നത്. ഇതിൽ ടെണ്ടർ പൂർത്തിയായ ആദ്യ റീച്ചിലെ പരിപ്പ്തോട് മുതൽ പൊട്ടിച്ചപാറ വരെയുള്ള 2. 5 കിലോമീറ്ററിലെ മരം മുറിക്കൽ ജോലികൾ ആണ് ഇപ്പോൾ പൂർത്തിയായത്.
കാട്ടാനകളുടെയും കാട്ടു മൃഗങ്ങളുടെയും ശല്യം മൂലം കനത്ത നാശനഷ്ടം സംഭവിച്ച ആറളം കാർഷിക ഫാമിനെയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെയും രക്ഷിക്കാനുള്ള മാർഗ്ഗം എന്ന നിലയിലാണ് വനാതിർത്തിയോട് ചേർന്ന് ആനമതിൽ എന്ന ആശയം ഉണ്ടാകുന്നത്. കാർഷിക ഫാമിനകത്തും പുനരധിവാസ മേഖലയിലുമായി പതിനാലോളം പേരാണ് കാട്ടാനയുടെ അക്രമത്തിൽ മരണമടഞ്ഞത്. ആനമതിൽ എന്ന ആശയം വര്ഷങ്ങളായി നിലവിലുണ്ടെങ്കിലും വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളും ശീത സമരങ്ങളും അധികൃതരുടെ അനാസ്ഥയും മൂലം ഇത് നീണ്ടു പോവുകയായിരുന്നു. ഫാമിൽ ഓരോ മരണങ്ങൾ കൂടെക്കൂടെ ഉണ്ടാകുമ്പോഴും നടക്കുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ അധികൃതർ കൊടുക്കുന്ന ഉറപ്പുകളെല്ലാം ലംഘിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. ഒടുവിൽ വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇനിയും പ്രതിബന്ധനകളൊന്നുമില്ലെങ്കിൽ യാഥാർഥ്യമാകുമെന്ന് കരുതുന്ന ആന മതിൽ നിർമാണത്തിന്റെ ഉദ്‌ഘാടനം വിപുലമായ പരിപാടികളോടെ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Post a Comment