തിരുവനന്തപുരം∙ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. റെക്കോർഡ് വിൽപ്പനയായിരുന്നു ഇത്തവണ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. അച്ചടിച്ചത് 85 ലക്ഷം ടിക്കറ്റുകൾ. പരമാവധി 90 ലക്ഷം ടിക്കറ്റുവരെ അച്ചടിക്കാൻ അനുമതിയുണ്ട്.
ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.
ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ്. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു.
കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജൻസി കമ്മിഷൻ.
Post a Comment