Join News @ Iritty Whats App Group

ജി 20 ഉച്ചകോടിയ്ക്ക് തുടക്കം, ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; മൊറോക്കോ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു

പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ തുടക്കമായി. പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. 10.30 ഓടെ ലോക നേതാക്കൾ ഓരോരുത്തരായി വേദിയിലെത്തി. ലോകനേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു തുടങ്ങിയ നരേന്ദ്ര മോദി, മൊറോക്കോ ഭൂചലനത്തിൽ മരിച്ചവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു.

സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ‘ഒരു ഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഈ മൂന്ന് വിഷയങ്ങളും വെവ്വേറെ തിരിച്ചാണ് ഉച്ചകോടി ചർച്ചചെയ്യുന്നത്.

റഷ്യ-യുക്രൈൻ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഒരു ഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി എന്നത് ശ്രദ്ധേയമാണ്. അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാനും ഡൽഹി പ്രഖ്യാപനമെന്ന പേരിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാനുമാണ് ഇന്ത്യയുടെ ശ്രമം. സംയുക്ത പ്രഖ്യാപനം ഏറെക്കുറെ തയ്യാറാണെന്നും നേതാക്കൾ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ത്യയുടെ ഷെർപ അമിതാഭ് കാന്ത് വ്യക്തമാക്കി.

ആഫ്രിക്കൻ യൂണിയനെ ജി-20 യിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉച്ചകോടി തീരുമാനമെടുക്കും. യു.എൻ. രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ നൽകുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജി-20 ഉച്ചകോടിക്കു മുമ്പായി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

ജി-20 അംഗരാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ തലവൻമാരും പ്രതിനിധികളും പങ്കെടുക്കുന്ന പതിനെട്ടാമത് ഉച്ചകോടിയാണ് രണ്ടു ദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്നത്. രാജ്യത്തെ 60 നഗരങ്ങളിലായി നടന്ന 220 ജി-20 യോഗങ്ങളുടെ സമാപനമാണ് ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, ചെറിയ വരുമാനമുള്ള രാജ്യങ്ങൾക്കുമേലുള്ള കടഭാരം, ഭക്ഷ്യ-വളം പണപ്പെരുപ്പം എന്നിവയാണ് ജി-20 ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയം.

Post a Comment

Previous Post Next Post
Join Our Whats App Group