Join News @ Iritty Whats App Group

'അഭിനന്ദിക്കുമെന്ന് കരുതി, പക്ഷേ നീ ആണോ ഡോക്ടർ കഫീൽ എന്നാണ് യോഗി ചോദിച്ചത്'; യുപി നമ്പർ 1 അല്ലെന്ന് ഡോ. കഫീൽ

ചെന്നൈ: യുപിയിലെ ഗോരഖ്പൂരില്‍ 2017ൽ 63 കുഞ്ഞുങ്ങൾ അടക്കം 81 പേര്‍ പ്രാണവായു കിട്ടാതെ മരിച്ച സംഭവം മനുഷ്യനിര്‍മ്മിത കൂട്ടക്കൊല എന്ന് ഡോക്ടര്‍ കഫീല്‍ ഖാൻ. യുപിയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള യഥാര്‍ത്ഥ കണക്കുകൾ ലഭ്യമല്ലെന്നും കഫീൽ ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരവധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചിട്ടും യോഗി ആദിത്യനാഥിന്‍റെ പകയിൽ യുപി വിടേണ്ടിവന്ന കഫീൽ ഖാൻ, ഇപ്പോൾ തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലാണ് സേവനം ചെയ്യുന്നത്.

അന്നത്തെ സംഭവങ്ങളില്‍ മുഖ്യമന്ത്രി തന്നെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. പക്ഷേ യോഗി ആദിത്യനാഥ് ദേഷ്യത്തിലായിരുന്നു. അപമാനിക്കുന്ന തരത്തിൽ നീ ആണോ ഡോക്ടർ കഫീൽ എന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജൻ സിലിണ്ടർ ക്രമീകരിച്ചാൽ വീരപുരുഷൻ ആകുമെന്ന് കരുതിയോ എന്നായിരുന്നു ചോദ്യം. ആ നാല് വാചകം തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. തനിക്കെതിരെ കേസ് എടുത്തു, കുടുംബത്തെ വേട്ടയാടി, തന്നെ ജയിലിൽ അടച്ചുവെന്നും ഡോക്ടര്‍ കഫീൽ പറഞ്ഞു.

2017ന് മുൻപ് താനൊരു സാധാരണ ഡോക്ടർ ആയിരുന്നു. ആശുപത്രിയിലെ ജോലി കഴിഞ്ഞാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കും. പണം ആവശ്യത്തിന് ഉണ്ടായിരുന്നതിനാൽ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇത്രയേറെ വിദ്വേഷ അതിക്രമങ്ങൾ നടന്നിട്ടും അതൊന്നും തന്നെ ബാധിച്ചിരുന്നില്ല. എന്നാൽ എട്ട് മാസം ജയിലിൽ കിടന്നപ്പോൾ ഒരുപാട് വായിച്ചു. അപ്പോഴാണ് ഇന്ത്യൻ പൗരൻ എന്ന നിലയിൽ അനീതിക്കെതിരെ സംസാരിക്കണമെന്ന് തിരിച്ചറിഞ്ഞത്.

യുപിയിൽ നടക്കുന്ന കണക്കുകളിൽ തിരിമറിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 2017ന് മുൻപ് രോഗങ്ങളെയും മരണത്തെയും കുറിച്ചുള്ള കണക്കുകൾ ലഭ്യമായിരുന്നു. എന്നാൽ ഇന്ന് കണക്ക് കിട്ടില്ലെന്നും ഡോ. കഫീല്‍ ഖാൻ പറഞ്ഞു. നല്ല ആളുകൾ എല്ലായിടതുമുണ്ട്. നമ്മുടെ ജനാധിപത്യം വളർച്ചയിലാണ്. എന്തെല്ലാം പ്രശനങ്ങൾ ഉണ്ടായാലും അതെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഗോരഖ്പൂര്‍ ദുരന്തത്തിന് പിറ്റേന്ന് യോഗി ആദിത്യനാഥിന് മുന്നിൽപ്പെട്ടതോടെ തന്‍റെ ജീവിതം മാറിമറിഞ്ഞുവെന്നാണ് കഫീൽ പറയുന്നത്.

യുപി മുഖ്യമന്ത്രിയുടെ പകയിൽ എട്ട് മാസം ജയിലില്‍ കിടന്നതിന് ശേഷം ഒരു സാധാരണ ശിശുരോഗ വിദഗ്ധൻ മാത്രമായി തുടരാൻ കഴിയുമായിരുന്നില്ല തന്‍റെ ജീവിതം ലോകം അറിയണമെന്ന് തോന്നിയപ്പോൾ പുസ്കതമെഴുതി. എന്നാൽ പ്രസാധകരെ കണ്ടെത്താൻ ഏറെ അലയേണ്ടി വന്നു. യുപിയാണ് ഒന്നാം നമ്പർ സംസ്ഥാനമെന്ന യോഗിയുടെ അവകാശവാദം അംഗീകരിക്കാൻ ഒരുക്കമല്ല. സര്‍ക്കാർ സംവിധാനങ്ങൾ വേട്ടയാടിയതോടെയാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്താൻ തമിഴ്നാട്ടിലെ ഒരു ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നത്. എങ്കിലും ജനാധിപത്യത്തിലുള്ള വിശ്വാസം കഫീല്‍ ഉപേക്ഷിച്ചിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group