മുംബൈ: സ്‌കൂളിലെ കായിക പരിശീലനത്തിനടയില്‍ മറ്റൊരാള്‍ എറിഞ്ഞ ജാവലില്‍ തലയില്‍ പതിച്ച് 15 കാരന് ദാരുണ അന്ത്യം. നവി മുംബൈയിലെ മാന്‍ഗാവന്‍ താലൂക്കിലെ പുരാറിലെ ഐഎന്‍ടി ഇംഗ്‌ളീഷ് സ്‌കൂളില്‍ ഒരു മീറ്റിന്റെ തയ്യാറെടുപ്പിനായി ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടികള്‍ പരിശീലനം നടത്തുമ്പോഴായിരുന്നു ദാരുണ സംഭവം. ഹുജേഫാ ദവാരേ എന്ന വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്.
ഒരു താലൂക്ക് തലത്തിലുള്ള മീറ്റിനായി ഹുജേഫാ തയ്യാറെടുക്കുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ ജാവലില്‍ എടുത്തുകൊണ്ട് എറിയാന്‍ പോയത് ഹുജേഫ കാണ്ടിരുന്നില്ല. കുനിഞ്ഞു നിന്ന് തന്റെ ഷൂസ് കെട്ടിക്കൊണ്ടു നില്‍ക്കുമ്പോള്‍ ജാവലിന്‍ വന്ന് തലയില്‍ പതിക്കുകയായിരുന്നു. ഇടതുകണ്ണിനോട് ചേര്‍ന്ന് നെറ്റിയിലായിരുന്നു ജാവലിന്‍ വന്ന് കൊണ്ടത്. സംഭവത്തിന്റെ സ്‌കൂള്‍ പ്ലേഗ്രൗണ്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ് പരിശോധന നടത്തി അപകടമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തില്‍ സ്‌കൂളിന്റെ കായിക പരിശീലകന്‍ പോലീസില്‍ പരാതി നല്‍കി.
വോളിബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലാണ് കായിക പരിശീലകന്‍ ബന്ദുപവാറിന് ഒരു കുട്ടിയ്ക്ക് ജാവലിന്‍ കൊണ്ടെന്ന വാര്‍ത്ത കേട്ടത്. ഓടിയെത്തിയ അദ്ദേഹം കണ്ടത് നെറ്റിയില്‍ മുറിവേറ്റ് കിടക്കുന്ന ഹുജേഫ ദവാരേയെയാണ്. ഗുരുതരമായി മുറിവേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന കുട്ടിയെ ഉടന്‍ സമീപത്തെ ഗോറിഗാവ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. അതേസമയം സ്‌കൂളിന്റെ അനുമതി വാങ്ങാതെയാണ് വിദ്യാര്‍ത്ഥികള്‍ മൈതാനത്ത് കയറി പരിശീലനം നടത്തിയതെന്ന് ബന്ദു പവാര്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഡാലോചനകളൊ മറ്റോ നടന്നിട്ടുണ്ടോ എന്നറിയാന്‍ പോലീസ് സ്‌കൂള്‍ ഗ്രൗണ്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജാവലിന്‍ എറിഞ്ഞ കുട്ടിയെ ചോദ്യം ചെയ്യുകയുമുണ്ടായി. പ്രാഥമികമായി അപകടമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Post a Comment