Join News @ Iritty Whats App Group

‘ഇന്‍ഡ്യ’സഖ്യത്തിന് 13 അംഗ ഏകോപന സമിതി; സോണിയയും ​​യെച്ചൂരിയുമില്ല ​


മുംബൈ : പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യക്ക് കണ്‍വീനറില്ല. പകരം സഖ്യത്തെ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി നയിക്കും. സമിതി അംഗങ്ങളില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരില്ല. കെ.സി വേണുഗോപാലാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതിനിധി. അതേസമയം സി.പി.എമ്മില്‍ നിന്നുള്ള അംഗങ്ങളില്ല. ജുഡേഗാ ഭാരത് , ജീത്തേഗാ ഇന്ത്യ' (ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.

'ഇന്‍ഡ്യ'യെ നയിക്കുന്ന 13 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന്‍ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് പട്ടികയിലുള്ളത്.

യോഗത്തിന്റെ രണ്ടാം ദിനത്തില്‍ സഖ്യത്തിന്റെ നായകനാരെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉദ്ധവ് പക്ഷ ശിവസേന, മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ സഖ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ വേരുള്ള ഏക പാര്‍ട്ടി എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ ഘടകം

പാര്‍ട്ടി ഭേദമെന്യേ നേതാക്കളുമായി അടുപ്പമുള്ള എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരും ചിലര്‍ മുന്നോട്ട് വെച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ടായിരുന്നു.

ഇന്‍ഡ്യയുടെ ലോഗോ പ്രകാശനം ഇന്നുണ്ടായേക്കില്ല. ലോഗോ സംബന്ധിച്ച് ചില കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ലോഗോ പ്രകാശനം മാറ്റിയേക്കുമെന്നാണ് വിവരം. ചെറുപാര്‍ട്ടികള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാനാണ് സഖ്യത്തിന്റെ തീരുമാനം. ഇതിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, മീഡിയ മാനേജ്മെന്റ് തുടങ്ങിയ സമിതികളില്‍ ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group