Join News @ Iritty Whats App Group

മീന്‍ മുറിക്കുന്നതിനിടെ ഭര്‍തൃ വീട്ടുകാരുമായി പിണങ്ങി; വിഷം കഴിച്ച ശേഷം യുവതി പോയത് റെയില്‍വേ സ്റ്റേഷനിലേക്ക്; മുപ്പതുകാരിയുടെ ജീവന്‍ രക്ഷിച്ചത് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ


മീന്‍ മുറിക്കുന്നതിനിടെ ഭര്‍തൃ വീട്ടുകാരുമായി പിണങ്ങി; വിഷം കഴിച്ച ശേഷം യുവതി പോയത് റെയില്‍വേ സ്റ്റേഷനിലേക്ക്; മുപ്പതുകാരിയുടെ ജീവന്‍ രക്ഷിച്ചത് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ

കണ്ണൂര്‍: മീന്‍ മുറിക്കുന്നതിനിടെ ഭര്‍തൃ വീട്ടുകാരുമായി പിണങ്ങി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷിച്ച്‌ പോലീസ്.
വിഷം കഴിച്ച ശേഷം യുവതി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു. പോലീസിന്റെ തക്കതായ ഇടപെടല്‍ മൂലമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സംഭവം. വീട്ടില്‍നിന്നും മീന്‍ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ കുടുംബ വഴക്കിനെത്തുടര്‍ന്ന് ബേക്കല്‍ മയിലാട്ടിയിലെ 30കാരിയാണ് ഭര്‍തൃഗൃഹത്തില്‍നിന്നും പിണങ്ങി കണ്ണൂരിലെത്തിയത്.

ഒന്നാം നമ്ബര്‍പ്ലാറ്റ്‌ഫോം ഡ്യൂട്ടിക്കിടെ ടിക്കറ്റ് കൗണ്ടറിന് സമീപം അസ്വാഭാവികമായി തനിച്ച്‌ ഇരിക്കുന്നത് കാണപ്പെട്ട യുവതിയെ നിരീക്ഷിച്ച കണ്ണൂര്‍ റെയില്‍വെ പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ പിണറായി സ്വദേശി നിഖില്‍ വിവരങ്ങള്‍ ചോദിക്കാന്‍ അടുത്തെത്തി. എന്നാല്‍ വ്യക്തമായി ഉത്തരം നല്‍കാതെ യുവതി മാറി നില്‍ക്കുകയായിരുന്നു. സംശയം തോന്നി വിശദമായി ചോദിച്ചപ്പോഴാണ് യുവതി വിഷം കഴിച്ചതായി പറഞ്ഞത്. ഭര്‍തൃവീട്ടില്‍നിന്നും വഴക്കിട്ട് സ്വന്തം ഇഷ്ടപ്രകാരം കാസര്‍കോടുനിന്നും ബസില്‍ കയറി കണ്ണൂരില്‍ ഇറങ്ങിയതാണെന്നും കൈയില്‍ കരുതിയ വിഷ ദ്രാവകം കഴിച്ചിട്ടുണ്ടെന്നും അറിയിച്ചതോടെ നിഖില്‍ മറ്റൊന്നും ആലോചിക്കാതെ യുവതിയുമായി റെയില്‍വേ സ്റ്റേഷന്‍ കവാടത്തിനു മുന്നിലേക്ക് ഓടി.

തുടര്‍ന്ന് ഓട്ടോയില്‍ യുവതിയെയും കൂട്ടി കണ്ണൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധിച്ചതില്‍ യുവതിക്ക് വിഷബാധയേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടരുകയും ചെയ്തു. തക്കസമയത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചതിനാലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും നിഖിലിനെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വെ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെവി ഉമേശന്റെ സഹായത്തോടെ പിങ്ക് പട്രോള്‍ ടീമിനെ വിവരമറിയക്കുകയായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബെല്‍ ഫോണ്‍ പരിശോധിച്ച്‌ യുവതിയുടെ സഹോദരന്റെ ഫോണ്‍ നമ്ബര്‍ കണ്ടെത്തി വിവരമറിയിച്ച്‌ ജില്ലാ ആശുപത്രിയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപകടാവസ്ഥയിലായിരുന്ന യുവതിക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാന്‍ എത്തിച്ച സിവില്‍ പോലീസ് ഓഫീസര്‍ നിഖിലിനോടും അതുവഴി കേരള പോലീസിനോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചാണ് ബന്ധുക്കള്‍ യാത്രയാക്കിയത്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group