Join News @ Iritty Whats App Group

വിശ്വാസം എന്തെന്ന് സര്‍ക്കാരിന് നിര്‍വചിക്കാനാവില്ല ; അന്ധവിശ്വാസ - അനാചാര വിരുദ്ധബില്‍ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു


കൊച്ചി: അന്ധവിശ്വാസ- അനാചാരങ്ങള്‍ തടയാന്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. വിശ്വാസം എന്തെന്നു നിര്‍ണയിക്കാനും നിര്‍വചിക്കാനും സര്‍ക്കാരിനു അധികാരമില്ലെന്ന നിയമോപദേശത്തെത്തുടര്‍ന്നാണിത്.

നിയമം മൂലം വിശ്വാസത്തെ നിര്‍ണയിക്കാന്‍ കഴിയില്ല. ഒരാളുടെ വിശ്വാസത്തെ ചോദ്യംചെയ്യാന്‍ സര്‍ക്കാരിനാവില്ല. നിയമം പാസാക്കിയാല്‍, കോടതിയിടപെടലിനു സാധ്യതയുമുണ്ട്.

ഇവയെ നിലവിലുള്ള നിയമങ്ങള്‍ കൊണ്ടുതന്നെ തടയിടാന്‍ കഴിയുമെന്നും പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നുമാണു സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. മാത്രമല്ല, നിലവിലുള്ള ചട്ടങ്ങള്‍പ്രകാരം ഇത്തരം അനാചാരങ്ങളെ നിയന്ത്രിക്കാനാവും. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ കൊലപാതകത്തിനുള്ള ശിക്ഷ (ഐ.പി.സി. 302) നല്‍കും.

ഗുരുതര പരുക്കിന് ഐ.പി.സി. 326 അനുസരിച്ചാണു ശിക്ഷ വരിക. എന്നാല്‍, ഇത്തരമൊരു നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ ജനപ്രീതിയില്ലാതാക്കാനേ ഉപകരിക്കൂവെന്ന ചിന്തയും ചില മന്ത്രിമാര്‍ പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയും കര്‍ണാടകവും പാസാക്കിയ അന്ധവിശ്വാസവും ബ്ലാക്ക് മാജിക്കും വിരുദ്ധ ബില്ലിന്റെ മാതൃകയില്‍ നിയമനിര്‍മ്മാണം നടത്താന്‍ എല്‍.ഡി.എഫ്. 2019 ല്‍ അനുമതി നല്‍കിയതാണ്. എന്നാല്‍, ഇതുവരെ നടപ്പാക്കാനായിട്ടില്ല.

കഴിഞ്ഞ മാസം കരടുബില്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷം മതിയെന്നു തീരുമാനിച്ചു മാറ്റിവയ്ക്കുകയായിരുന്നു. അഞ്ചു വര്‍ഷമായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന ബില്‍ ഇലന്തൂര്‍ നരബലിയെത്തുടര്‍ന്നാണു പൊടിതട്ടിയെടുത്തത്.

ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന എ.ഹേമചന്ദ്രനും ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായ നിയമപരിഷ്‌കരണ കമ്മിഷനും കരടു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ പഠന റിപ്പോര്‍ട്ടുകളും നിയമവും പരിശോധിച്ചു ഹേമചന്ദ്രന്‍ 2014 ല്‍ കരടുബില്‍ തയാറാക്കി. അന്നത്തെ യു.ഡി.എഫ്. സര്‍ക്കാരും തുടര്‍ന്നുവന്ന എല്‍.ഡി.എഫ്. സര്‍ക്കാരും നടപടി സ്വീകരിച്ചില്ല. കുറ്റകൃത്യങ്ങള്‍ക്കു മൂന്നു വര്‍ഷം തടവു മുതല്‍ വധശിക്ഷവരെ നല്‍കണമെന്നു ഹേമചന്ദ്രന്‍ ശിപാര്‍ശ ചെയ്തിരുന്നു.

അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവര്‍ക്കു ഏഴുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു ജസ്റ്റിസ് കെ.ടി. തോമസ് സമര്‍പ്പിച്ച കരടു ബില്‍.

അഗ്‌നിക്കാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങള്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു നിയമവകുപ്പിന്റെ ശിപാര്‍ശ. മതാചാരങ്ങളെ ബില്ലിലെ വ്യവസ്ഥകള്‍ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group