കൊച്ചി: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചശേഷം സമീപത്തുള്ള റബര്‍ത്തോട്ടത്തിലാണ് പ്രതി തൂങ്ങിമരിച്ചത്.
പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സംഭവസമയം പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പെൺകുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്. വെട്ടേറ്റതിന് പിന്നാലെ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
തുടര്‍ന്ന് സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനുപിന്നാലെയാണ് പ്രതിയായ 66കാരനെ റബര്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തു.
2022ലാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പിതൃസഹോദരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 2021ൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. നിർധന കുടുംബാംഗമായ പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ പുത്തൻകുരിശിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം.
Post a Comment