Join News @ Iritty Whats App Group

'കുറച്ചു ദിവസങ്ങളായി ഞാൻ അസ്വസ്ഥൻ ആണ്‌, ഒരു മനുഷ്യനെ രണ്ടായി കീറുന്നതിനു തുല്യമാണ് മണിപ്പൂരിൽ സംഭവിക്കുന്നത്'


കൽപ്പറ്റ: കേരള സന്ദർശനത്തിനിടെ മണിപ്പൂർ വിഷയത്തിലെ വേദന പങ്കുവച്ച് രാഹുൽ ഗാന്ധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഞാൻ അസ്വസ്ഥൻ ആണെന്നാണ് രാഹുൽ പറഞ്ഞത്. അതിന് കാരണം മണിപ്പൂരിലെ സംഭവ വികാസങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. ഒരു മനുഷ്യനെ രണ്ടായി വലിച്ചു കീറുന്നതിനു തുല്യമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. സംസ്ഥാനത്തെ രണ്ടായി പിളർത്തിക്കഴിഞ്ഞെന്നും വയനാട് എം പി ചൂണ്ടികാട്ടി.

ബലാത്സംഗം, പീഡനം, കൊലപാതകമൊക്കെയാണ് മണിപ്പൂരിൽ നടക്കുന്നത്. സംസ്ഥാനത്തെ അക്രമം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ വേണ്ട നടപടികളുണ്ടാകണം. വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയം എത്ര ആപത്കരമാണെന്ന് എല്ലാവരും പഠിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഈ മുറിവുകൾ ഉണങ്ങാൻ വർഷങ്ങൾ വേണ്ടിവരും. പ്രത്യേകതരം രാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പൂർ അനുഭവിക്കുന്നതെന്നും ജനങ്ങളെ വിഭജിക്കരുതെന്നും ജനങ്ങളിൽ സ്നേഹം വളർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വയനാട്ടിലെ ഓരോ വരവും തനിക്ക് വൻ സന്തോഷം നൽകുന്നുവെന്നും രാഹുൽ ഇന്ന് പറ‍ഞ്ഞു. രാഷ്ട്രീയ വിത്യാസം ഇല്ലാതെ ഇന്നാട്ടുകാർ എന്നെ സ്നേഹിക്കുന്നു. എനിക്ക് അയോഗ്യത വന്ന കാലത്ത് ഈ നാട് ഒരുമിച്ച് ആണ് പ്രതിഷേധിച്ചതെന്നും ആ സ്നേഹത്തിന് നന്ദിയെന്നും രാഹുൽ പറഞ്ഞു. ആദിവാസികൾ ആണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളെന്നും അവർക്ക് ഭൂമിയും ജീവിത സാഹചര്യങ്ങളും ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസികൾക്ക് മികച്ച വിദ്യാഭ്യാസ സംവിധാനം ലഭ്യമാക്കണം. ഇപ്പോൾ വനവാസി എന്നൊരു പ്രയോഗം കാണുന്നു. അതിൽ ശെരികേടുണ്ട്. അതിൽ ഒളിഅജണ്ടയുണ്ട്. നിങ്ങളുടെ അവകാശങ്ങളെ കവരാനുള്ള കൗശലം ആ വിളിയിലുണ്ടെന്നും വനവാസി പ്രയോഗത്തെ കോൺഗ്രസ്‌ അംഗീകരിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group