Join News @ Iritty Whats App Group

യുഡിഎഫ്‌ എംപിമാർ കേരളത്തെ വഞ്ചിച്ചു: ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം> സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ച യുഡിഎഫ് എംപിമാർ കേരളത്തെ വഞ്ചിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണ്. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ എത്തിക്കുന്നവർക്ക് കൂട്ടുനിൽക്കുകയാണ് യുഡിഎഫിന്റെ പാർലമെന്റ് അംഗങ്ങൾ. സംസ്ഥാനത്തിന് കിട്ടേണ്ട സാമ്പത്തിക അംഗീകാരങ്ങളും അനുവാദങ്ങളും ഉറപ്പാക്കാൻ എംപിമാർക്കും ബാധ്യതയുണ്ട്. ഇതിനായുള്ള ശ്രമങ്ങളെ തകിടംമറിക്കുന്ന നിലപാടിലൂടെ യുഡിഎഫ് എംപിമാർ ജനങ്ങളെയാണ് വഞ്ചിച്ചത്.

ഇതിൽ യുഡിഎഫ് നേതൃത്വം മറുപടി പറയണം. ഇത് യുഡിഎഫ് നയമാണോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. കോൺഗ്രസിന്റെ മുതിർന്ന നേതാവായ രാഹുൽ ഗാന്ധിയും കേരളത്തിൽനിന്നുള്ള എംപിയാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിനും ബാധ്യതയുണ്ട്. മറുപടി പറയാൻ രാഹുൽ ഗാന്ധിയും ബാധ്യസ്ഥനാണ്. നാടിന്റ നന്മയ്ക്കായുള്ള പൊതുതീരുമാനത്തിനെതിരെനിന്ന ഈ പാർലമെന്റ് അംഗങ്ങളെക്കുറച്ച് ജനം വിലയിരുത്തുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈവർഷം സംസ്ഥാന വരുമാനത്തിൽ കേന്ദ്ര ഇടപെടൽമൂലം ഫലത്തിൽ 40,000 കോടി രൂപയുടെ കുറവുണ്ടാകും. റവന്യു കമ്മി ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവുമുൾപ്പെടെ ഇല്ലാതാകുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ഭരണാധികാരികളെ നേരിൽകണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ എംപിമാരുടെ യോഗമാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ ആദ്യ അജണ്ട കേന്ദ്രത്തിന്റ സാമ്പത്തിക നടപടികളായിരുന്നു. സംസാരിച്ചവരെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന താൽപര്യം സംരക്ഷണത്തിന് എന്തുസഹായവും സർക്കാരും വാഗ്ദാനംചെയ്തു. കേന്ദ്ര ധനമന്ത്രിയെ കാണാനോ, അവർക്ക് സമർപ്പിച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾമാത്രം ചുണ്ടിക്കാട്ടിയ നിവേദനത്തിൽ ഒപ്പിടാനോ യുഡിഎഫ് എംപിമാർക്കാർക്കുമായില്ല. അവർ ബിജെപിയുടെ താൽപര്യമാണ് സംരക്ഷിക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട പണം ഉറപ്പാക്കാൻ പ്രവർത്തിക്കേണ്ടതിനുപകരം സംസ്ഥാനത്തിനെതിരായി സംസാരിക്കാൻ പാർലമെന്റിനെ വേദിയാക്കുകയാണ്.

കേന്ദ്രം സംസ്ഥാനത്തിന് നൽകേണ്ട പണം വലിയതോതിൽ വെട്ടിക്കുറയ്ക്കുന്നു. 2020–-21ൽ കേരളത്തിന്റെ കടം ഒഴിച്ചുള്ള മൊത്തം റവന്യു വരുമാനത്തിൽ സംസ്ഥാന വിഹിതം 56.3 ശതമാനമായിരുന്നു. 2021–22ൽ 59 ശതമാനമായി. കഴിഞ്ഞവർഷം 65.6 ശതമാനമായി. ഈവർഷം 71 ശതമാനമാണ്. മൊത്ത വരുമാനത്തിന്റെ മുന്നിലൊന്നിൽതാഴയാണ് കേന്ദ്ര വിഹിതമായി എത്തുന്നത്. ഉത്തരപ്രദേശ്, ബീഹാർ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കെല്ലാം മൊത്ത വരുമാനത്തിന്റെ അമ്പതിൽ കൂടുതൽഭാഗം കേന്ദ്രമാണ് നൽകുന്നതാണ്. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് എഴുപത് ശതമാനത്തിനുമുകളിൽ കേന്ദ്ര വിഹിതം ലഭിക്കുന്നു. സംസ്ഥാനങ്ങളിൽ ഇത്രയേറെ ദുരിതം പേറേണ്ടിവരുന്നത് കേരളത്തിനുമാത്രമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group