കൊച്ചി: ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ ഹൈക്കോടതി വിമർശനം. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയുള്ളുവെന്നും കോടതി പറഞ്ഞു. അതേസമയം, വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിനെ ഇന്നലെ എറണാകുളം ജില്ലാ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ഇന്നലെ തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശിച്ചിരുന്നു. അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കര പൊലീസ് എടുത്ത വ്യാജ രേഖ കേസിൽ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജൻ സ്കറിയെ ഇന്ന് തന്നെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.
മൂന്ന് വർഷം മുൻപ് നടന്ന് സംഭവത്തിൽ റജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി പോലും നൽകിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരൻ. അന്വേഷണ ഉദ്യോഗസ്ഥൻ ഇക്കാര്യത്തിൽ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണൽ സെഷൻസ് ജഡ്ജ് പി കെ മോഹൻദാസ് നിരീക്ഷിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയാണ് ഷാജൻ സ്കറിയയോട് നിലമ്പൂരിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. മാത്രമല്ല ജില്ലാ കോടതിയുടെ പരിഗണനയിലാണ് മുൻകൂർ ജാമ്യ ഹർജി. കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തതെന്നും ജഡ്ജ് പി കെ മോഹൻദാസ് പറഞ്ഞു.
Post a Comment