Join News @ Iritty Whats App Group

യുവാക്കളിലെ ഹൃദയാഘാതം; അപകടസാധ്യത കുറയ്ക്കാൻ പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍




'ഹാര്‍ട്ട് അറ്റാക്ക്' അഥവാ ഹൃദയാഘാതം എന്ന് കേള്‍ക്കുമ്പോള്‍ മുൻകാലങ്ങളില്‍ അത് പ്രായമായവരെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ മാത്രമായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥകളെല്ലാം മാറി. അടുത്ത കാലത്തായി യുവാക്കളില്‍ ഹൃദയാഘാതം സംഭവിക്കുന്ന കേസുകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ യുവാക്കളും ഹൃദയാഘാതം സംബന്ധിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തോടെയാണ് കേള്‍ക്കുന്നതും, സമീപിക്കുന്നതുമെല്ലാം. ഇക്കഴിഞ്ഞ ദിവസം കന്നഡ നടൻ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന, കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് മരിച്ചതും ഇതുപോലെ ഏവരെയും ഞെട്ടിച്ച വാര്‍ത്തയാണ്. നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കന്നഡ താരം പുനീത് രാജ്‍കുമാറിന്‍റെ കസിൻ സഹോദരനാണ് രാഘവേന്ദ്ര. 

പുനീത് മരിച്ചപ്പോഴും ഇതുപോലെ യുവാക്കളിലെ ഹൃദയാഘാതത്തെ കുറിച്ച് പലരും ആശങ്ക പങ്കുവച്ചിരുന്നു. അധികവും മോശം ജീവിതശൈലികളാണ് യുവാക്കളിലെ ഹൃദയാഘാതം കൂട്ടുന്നതിന് കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എല്ലാ കേസുകളും അങ്ങനെ വരുന്നതല്ല.

പാരമ്പര്യ ഘടകങ്ങള്‍, ഹൃദയത്തെ ബാധിച്ചിട്ടുള്ള വിവിധ അസുഖങ്ങള്‍, ബിപി എന്നിങ്ങനെ പല കാരണങ്ങള്‍ ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കാം. ഇക്കൂട്ടത്തില്‍ ജീവിതശൈലിയും വലിയ പങ്ക് വഹിക്കുന്നു. 

30-നും 40നും ഇടയില്‍ പ്രായമുള്ളവരിലെ ഹൃദയാഘാതത്തിന് ജീവിതശൈലി വലിയ രീതിയില്‍ സ്വാധീനം ചെലുത്താമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

എന്താണ് 'മോശം' ജീവിതശൈലി?

പോഷകങ്ങള്‍ ഉറപ്പ് വരുത്താത്ത, ബാലൻസ്ഡ് അല്ലാത്ത ഡയറ്റ് (ഭക്ഷണരീതി), പ്രോസസ്ഡ് ഫുഡ്സ്- ജങ്ക് ഫുഡ്സ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുക, വ്യായാമം ഇല്ലായ്മ- അല്ലെങ്കില്‍ കായികമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ അലസമായി തുടരുന്ന രീതി, പതിവായ സ്ട്രെസ്, പുകവലി, മദ്യപാനം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെയുള്ള കാര്യങ്ങളെയാണ് പൊതുവില്‍ മോശം ജീവിതശൈലി എന്ന രീതിയില്‍ കണക്കാക്കുന്നത്. 

അമിതവണ്ണം...

യുവാക്കളില്‍ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ് അമിതവണ്ണം. ബിപി, പ്രമേഹം, കൊളസ്ട്രോള്‍ മറ്റ് പല അനുബന്ധപ്രശ്നങ്ങളും അമിതവണ്ണം മൂലമുണ്ടാകാം. ഇങ്ങെനയുള്ള പല ഘടകങ്ങളും ചേര്‍ന്നാണ് ഹൃദയത്തിന് ഭീഷണിയാകുന്നത്. ഇതിനര്‍ത്ഥം അമിതവണ്ണമുള്ളവരില്‍ എല്ലാം ഹൃദയാഘാത സാധ്യതയുണ്ട് എന്നതല്ല. മറിച്ച്, അമിതവണ്ണമുള്ളവരില്‍ താരതമ്യേന ഹൃദയത്തിന് പ്രശ്നം വരാൻ സാധ്യതയുണ്ട് എന്നതാണ്. അതിനാല്‍ കഴിയുന്നതും പ്രായത്തിനും ആരോഗ്യപ്രകൃതിക്കും അനുസരിച്ച് ശരീരവണ്ണം സൂക്ഷിക്കാൻ ശ്രമിക്കണം. 

സ്ട്രെസ്...

ആദ്യമേ സൂചിപ്പിച്ചത് പോലെ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അധികരിക്കുന്നതും ക്രമേണ ഹൃദയത്തിന് ഭീഷണിയാകാം. സ്ട്രെസ് കൂടുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'കോര്‍ട്ടിസോള്‍', 'അഡ്രിനാലിൻ' എന്നീ ഹോര്‍മോണുകള്‍ പതിയെ പതിയെ ധമനികളെ ബാധിക്കാൻ തുടങ്ങും. ഇത് ബിപി ഉയര്‍ത്തും. 

സ്ട്രെസ് കൈകാര്യം ചെയ്ത് മുന്നോട്ടുപോവുകയെന്നതാണ് ഇതിനുള്ള പരിഹാരം. വ്യായാമം, യോഗ, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍, മൈൻഡ്‍ഫുള്‍നെസ് എന്നിവയെല്ലാം സ്ട്രെസ് കൈകാര്യം ചെയ്യാനായി പിന്തുടരാവുന്നതാണ്. 

ഭക്ഷണം...

ദിവസവും പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ ഏതെങ്കിലും, നട്ട്സ്- സീഡ്സ്, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ എന്നിങ്ങനെ സമഗ്രമായ ഡയറ്റ് പാലിക്കാനായാല്‍ അത് ഒരു പരിധി വരെ രോഗങ്ങളെ പ്രതിരോധിക്കും. ആരോഗ്യകരമായ കൊഴുപ്പ്- ഒലിവ് ഓയില്‍, അവക്കാഡോ, നട്ട്സ്- സീഡ്സ്, കൊഴുപ്പുള്ള മീനുകള്‍, ലീൻ പ്രോട്ടീൻ സ്രോതസുകളായ ചിക്കൻ, മീൻ, പയറുവര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

നേരത്തേ സൂചിപ്പിച്ചത് പോലെ പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ്സ്, ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ (ഉദാ: പാക്കറ്റ് ഫുഡ്സ്), കൃത്രിമമധുരം അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ എന്നിവയെല്ലാം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഇവയൊന്നും ഒരു കാരണവശാലും പതിവായി ഡയറ്റിലുള്‍പ്പെടുത്താതിരിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group