Join News @ Iritty Whats App Group

അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന് ഇന്ന് തുടക്കം; എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി ശിവന്‍കുട്ടി




തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള തീവ്ര യജ്ഞവുമായി തൊഴില്‍ വകുപ്പ്. അതിഥി പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സംസ്ഥാനതലത്തില്‍ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്ട്രേഷന്‍ സമ്പൂര്‍ണമാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യുദ്ധകാലാടി സ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. 

പോര്‍ട്ടലില്‍ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതല്‍ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക് സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. അതിഥി തൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. നല്‍കിയ വ്യക്തി വിവരങ്ങള്‍ എന്‍ട്രോളിങ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 

ആവാസ് ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥി തൊഴിലാളി രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലോ ആപ്പിലോ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group