തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. നിരവധി സാംസ്കാരിക സംഘടനകളും ക്ലബുകളും ഉൾപ്പെടെ ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.
മദ്യലഹരിയിൽ അക്രമങ്ങൾ നടത്തുന്നവരെ പിടികൂടാൻ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഉന്നതതലത്തിൽ എല്ലാം പോലീസ് സ്റ്റേഷനുകൾക്കും സന്ദേശം നൽകിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ഈ അടുത്തകാലത്തായി പോലീസ് പട്രോളിംഗ് സംഘത്തെ അക്രമി സംഘം ആക്രമിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
പ്രധാനപ്പെട്ട നഗരങ്ങളിലും മാളുകളുടെ പരിസരങ്ങളിലും തീയേറ്ററുകളുടെ സമീപത്തും ഷോപ്പിംഗ് കോംപ്ലക്സ് പരിസരം, ആരാധനലയങ്ങളുടെ പരിസരത്തും ഉൾപ്പെടെ പോലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.
രാത്രികാല പട്രോളിംഗ് വാഹനങ്ങളിൽ ചെറുപ്പക്കാരായ പോലീസുകാരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. എവിടെയെങ്കിലും അക്രമ സംഭവങ്ങൾ ഉണ്ടായാൽ നിയന്ത്രിക്കുന്നതിന് ക്യാമ്പിൽ നിന്നും കുടുതൽ പോലീസിനെ വിന്യസിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്നലെ തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. രണ്ടാം തീയതിയാണ് സമാപനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
Post a Comment