Join News @ Iritty Whats App Group

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സിപിഎം പരിഗണനയിൽ മൂന്ന് പേരുകൾ, യുഡിഎഫിൽ ചാണ്ടി ഉമ്മന് സാധ്യത


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി. ഒരു മാസത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് സമയമുള്ളത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രതീക്ഷ. എന്നാൽ ഉമ്മൻചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും ജനകീയതയും വൈകാരികമായ നിലയിൽ തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോൺഗ്രസിന്.

പുതുപ്പള്ളിയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് മുൻതൂക്കം. കുടുംബവും ചാണ്ടി ഉമ്മൻ തന്നെ സ്ഥാനാർത്ഥിയാകട്ടെയെന്ന നിലപാടിലാണ്. അതേസമയം സിപിഎമ്മിൽ നിന്ന് യുവ നേതാവ് ജയ്‌ക് സി തോമസാണ് കഴിഞ്ഞ മൂന്ന് വട്ടവും മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്കെതിരെ പോരാടിയത്. അദ്ദേഹത്തെ തന്നെ ഇക്കുറിയും രംഗത്തിറക്കാനാണ് സാധ്യത ഏറെയും. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎം ജയ്കിനെ പരിഗണിക്കുന്നതിൽ പ്രധാനം. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ റെജി സഖറിയാസിന്റെ പേരും കെഎം രാധാകൃഷ്ണന്റെ പേരും പരിഗണിക്കുന്നുണ്ട്.

പുതുപ്പള്ളിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ബൂത്ത് പ്രസിഡന്റുമാരുടെ കൺവൻഷൻ വിളിച്ചുചേർത്തത് ഇന്നലെയായിരുന്നു. ഇതിന് മുൻപേ തന്നെ ഇടത് ക്യാംപ് പ്രവർത്തനം ആരംഭിച്ചിരുന്നു. നിയമസഭാംഗങ്ങൾക്കും നേതാക്കൾക്കും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളുടെ ചുമതല നൽകിയിരുന്നു.

ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. ഓണക്കാലത്തേക്ക് നീങ്ങുന്ന കേരളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീപാറുന്ന പ്രചാരണ പരിപാടികൾക്ക് കൂടി സാക്ഷിയാകും.

Post a Comment

Previous Post Next Post
Join Our Whats App Group