Join News @ Iritty Whats App Group

മലപ്പുറത്ത് വിവാഹത്തലേന്ന് വരന്റെ വീട്ടിൽ മുൻ വനിതാസുഹൃത്തിന്റെ അക്രമം; വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി


മലപ്പുറം: വിവാഹത്തലേന്ന് വരന്റെ വീട്ടിൽക്കയറി മുൻ വനിതാ സുഹൃത്തിന്റെ നേതൃത്വത്തിൽ ആക്രമണം. ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലർച്ചെയാണ് നാടകീയ സംഭവങ്ങൾ. ഇതോടെ ഇന്നു നടക്കേണ്ട വിവാഹത്തിൽനിന്ന് വധുവിന്റെ വീട്ടുകാർ പിന്മാറി. മുൻ വനിതാ സുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ 5 പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേലേ മാന്തടം സ്വദേശി എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം. പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുമ്പ് പുതുക്കിയതായിരുന്നു. യുവതി 5 വർഷം മുമ്പ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്. വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തെന്ന് വരന്റെ വീട്ടുകാർ പറയുന്നു.

സംഭവം അറിഞ്ഞതോടെ ഇന്ന് നടക്കേണ്ട വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. തങ്ങളെ യുവാവിന്റെ വീട്ടുകാർ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേ‍ർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group