Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ വീണ്ടും റീസര്‍വേ വിവാദം:പലരു‌ടെയും ഭൂമി പുറംപോക്കായി മാറിയേക്കും

അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ വീണ്ടും റീസര്‍വേ വിവാദം:പലരു‌ടെയും ഭൂമി പുറംപോക്കായി മാറിയേക്കും


എടപ്പുഴ: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ എടൂര്‍ മുതല്‍ വാളത്തോട് വരെയുള്ള വെന്പുഴയുടെ ഇരുകരകളിലും നടത്തുന്ന റീസര്‍വേ സംബന്ധിച്ച്‌ വീണ്ടും വിവാദം.

1967ലെ സര്‍ക്കാര്‍ അംഗീകരിക്കാത്ത സര്‍വേരേഖകളുടെ അടിസ്ഥാനത്തില്‍ റീ സര്‍വേ നടത്തുന്നതാണ് വിവാദത്തിനിടയക്കുന്നത്. ഇതുപ്രകാരം സര്‍വേ നടത്തുന്പോള്‍ നിലവില്‍ പട്ടയമുള്ളതും നികുതി അടയ്ക്കുന്നതുമായ ഭൂമി പലയിടത്തും പുറന്പോക്കായി മാറുമെന്നത് ഭൂവുടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

വീടുകളും കൃഷിയിടങ്ങളും പുറന്പോക്കിലേക്ക് 

1950 ന് ശേഷം കുടിയേറ്റം നടന്ന എടപ്പുഴ വാളത്തോട് മേഖലകളില്‍ തീര്‍ത്തും സാധാരണക്കാരായ കുടിയേറ്റ കര്‍ഷകരുടെ കൃഷിഭൂമികളാണ്. ഒരു ആയുസിന്‍റെ പരിശ്രമം മുഴുവൻ ചേര്‍ത്തുവച്ച്‌ പണിതീര്‍ത്ത വീടുകളും കൃഷിസ്ഥലങ്ങളും റീസര്‍വേ പ്രകാരം പൂര്‍ണമായും ഭാഗികമായും പുറംപോക്കിലേക്ക് മാറ്റപ്പെടും. മുളന്താനത്ത് വര്‍ഗീസ്, ഈട്ടിക്കല്‍ കുട്ടി, കോലാട്ടുവെളിയില്‍ ജോസ്, കുന്നുംപുറത്ത് മാത്യു തുടങ്ങിയവരുടെ വീടുകള്‍ റീസര്‍വേ പ്രകാരം പൂര്‍ണമായും പുറന്പോക്കിലാകുമെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ലോണിന്‍റെ സഹായത്തോടെ നിര്‍മിച്ച വീടുകള്‍വരെ ഇത്തരത്തില്‍ പുറന്പോക്കിലേക്ക് മാറ്റപ്പെടുകയാണ്. പട്ടയം ലഭിച്ച ഭൂമിയുടെ പകുതിയിലേറെയും നഷ്ടപ്പെടുന്ന കര്‍ഷകരുമുണ്ട്. 

വിവാദമായ 1967ലെ കണ്ണാടി സര്‍വേ

1961 ലെ കേരള സര്‍വേ ആൻഡ് ബൗണ്ടറി ആക്‌ട് പ്രകാരം സെക്ഷൻ 9/2 പ്രകാരം നോട്ടിഫിക്കേഷൻ നല്‍കാതെയാണ് 1967 കണ്ണാടി സര്‍വേ പൂര്‍ത്തിയാക്കിയത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. കൃഷി ഭൂമി അല്ലാതെ കാടുകയറിക്കിടന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താതെ നടന്ന സര്‍വേ അടിസ്ഥാനമാക്കി വീണ്ടും റീസര്‍വേ നടത്തുന്നതാണ് ഇതിന്‍റെ അപാകതയെന്നും നാട്ടുകാര്‍ പറയുന്നു. നിലവില്‍ ഇവിടങ്ങളിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് റീസര്‍വേ നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയാനോ പുഴയ്ക്ക് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനോ കര്‍ഷകര്‍ എതിരല്ലന്നും എന്നാല്‍ അഞ്ചും പത്തും സെന്‍റില്‍ വീട് നിര്‍മിച്ച്‌ താമസിക്കുന്നവരുടെ അവസ്ഥ അധികൃതര്‍ മനസിലാക്കണമെന്നും റീ സര്‍വേ കര്‍മ സമിതി ആവശ്യപ്പെട്ടു. 

2022 ലെ കമ്മീഷൻ

റീ സര്‍വേയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലവില്‍ വന്നതോടെ ജില്ലാ കളക്ടര്‍ ചെയര്‍മാനായി കമ്മീഷൻ രൂപീകരിച്ചിരുന്നു. കമ്മീഷൻ എടൂരില്‍ നടത്തിയ സിറ്റിംഗില്‍ ജനപ്രതിനിധികള്‍ അടക്കം കര്‍ഷകരുടെ പ്രശ്നങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്തുകയും സ്ഥലങ്ങള്‍ നേരിട്ട് പരിശോധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും എടപ്പുഴ ഭാഗങ്ങളില്‍ 12/67, മുതല്‍ 93 ഉള്‍പ്പെടെ ഉള്ള പല സര്‍വേ നമ്ബറില്‍പെടുന്ന സ്ഥലങ്ങളാണ് നികുതി അടയ്ക്കാൻ കഴിയാതെ വരും എന്നാണ് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നത്.

പരിഹാരത്തിന് സര്‍ക്കാര്‍തല നടപടി വേണം

പ്രശ്ന പരിഹാരത്തിന് ഏക മാര്‍ഗം സര്‍ക്കാര്‍തല തീരുമാനം മാത്രമാണ്. നിലവിലെ നിര്‍ദേശപ്രകാരം 1967 ലെ സര്‍വേ പ്രകാരം റീസര്‍വേ നടത്താനാണ് ഉത്തരവ്. അതുകൊണ്ടുതന്നെ റീസര്‍വേ നടത്തുന്ന ഉദ്യോഗസ്ഥര്‍ പഴയ സര്‍വേ അടിസ്ഥാനമാക്കി സര്‍വേ നടത്തുന്ന ഭൂമി പലതും ഇന്ന് ജനവാസ മേഖലകളാണ്. അയ്യൻകുന്ന് പഞ്ചായത്ത് പാസാക്കിയ രണ്ടു പ്രമേയത്തിലും തത്‌സ്ഥിതി തുടരണം എന്നാവശ്യപ്പെട്ടത് ഇതിനുള്ള തെളിവാണ്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ അടക്കം ബഹിഷ്കരിച്ച്‌ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ റീ സര്‍വേ കര്‍മസമിതി ആലോചിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group