Join News @ Iritty Whats App Group

മിത്തല്ല; ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ രണ്ടു നാൾ ഗണപതി ഹോമം നിർബന്ധമാക്കി; പരിശോധന നടത്തുമെന്നും ഉത്തരവ്


തിരുവനന്തപുരം: ചിങ്ങം ഒന്നിനും (ഓഗസ്റ്റ് 17) വിനായക ചതുർത്ഥിക്കും (ഓഗസ്റ്റ് 20) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ (Travancore Devaswom Board) ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ഗണപതിഹോമം (Ganapathi Homam) നടത്തും. ഹോമം നിർബന്ധമാക്കിയത് മിത്ത് വിവാദത്തിന്റെ സ്വാധീനത്തിലല്ല എന്ന് ബോർഡ് വിശദീകരിച്ചു.

ദേവസ്വം ബോർഡിനു കീഴിൽ ആകെ 1254 ക്ഷേത്രങ്ങളുണ്ട്. ഗണപതി ഹോമം നിർബന്ധമാക്കിയ ഉത്തരവിലുമുണ്ട് പുതുമ. ഗണപതിക്ഷേത്രങ്ങളിൽ ഹോമം നടത്തുന്ന പതിവുണ്ട്. വിനായകചതുർഥിക്ക് കൂടുതൽ വിശാലമായി നടത്തുകയും ചെയ്യും. ബോർഡിൽ നിന്നും പ്രത്യേക ഉത്തരവ് അപ്പോഴൊന്നും വന്നിരുന്നില്ല. പക്ഷെ ഇക്കുറി എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തണമെന്ന് ഉത്തരവിലൂടെ നിർബന്ധമാക്കി.

ദേവസ്വംബോർഡ് വ്യക്തമാക്കുന്നതനുസരിച്ച് സ്വകാര്യക്ഷേത്രങ്ങളുമായി മത്സരിക്കാൻ ഓൺലൈൻ സംവിധാനം ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളിലൂടെ ദേവസ്വം ക്ഷേത്രങ്ങളെ പ്രാപ്തമാക്കാനാണ് തീരുമാനം. എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം നിര്ബന്ധമാക്കുന്നതും ഇതിന്റെ ഭാഗമായാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരുമാണ് ഗണപതിഹോമത്തിന് വ്യാപക പ്രചാരണം നൽകാനും, ബുക്കിങ് സൗകര്യം ഒരുക്കാനുമുള്ള കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുക.

ഹോമം നടക്കുന്നുണ്ടോയെന്ന് പരിശോധനയുണ്ടാകും. വിജിലൻസ് വിഭാഗത്തിനു പുറമേ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ-ഇൻസ്പെക്‌ഷൻ എന്നിവർക്കാണ് ചുമതല.

Post a Comment

Previous Post Next Post
Join Our Whats App Group