ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സംവിധായകൻ ലിജേഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഹർജിക്കാരൻ സമർപ്പിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായല്ല പുരസ്കാരം നിർണയം നടന്നത് എന്ന് കാണിച്ചാണ് ‘ആകാശത്തിനു താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് കോടതിയെ സമീപിച്ചത്.
ഇതിനെതിരെ ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും തടസവാദ ഹരജിയും സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു.
നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ലിജീഷ് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഹർജി തള്ളി. ഇതിനു ശേഷമാണ് സുപ്രീകോടതിയെ സമീപിച്ചത്.
സംവിധായകൻ വിനയനാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാന‍് രഞ്ജിത്ത് ഇടപെട്ടന്നായിരുന്നു വിനയന്റെ ആരോപണം. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. പുരസ്കാരം ലഭിച്ചവരും കലാകാരൻമാരാണെന്നും അവാർഡ് സ്റ്റേ ചെയ്യാൻ കോടതിയെ സമീപിക്കില്ലെന്നുമായിരുന്നു വിനയന്റെ നിലപാട്.
ഇതിനു പിന്നാലെയാണ് ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്
Post a Comment