സംസ്ഥാനത്ത് ദേശീയപാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വടക്ക് മുതല്‍ തെക്ക് വരെയുള്ള ഈ സൂപ്പര്‍ റോഡ് 2025 ഓടെ പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് ജില്ലകളിലൂടെ 643.295 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതായിരിക്കും ഈ പുതിയ സൂപ്പര്‍ റോഡ്. വിവിധ റീച്ചുകളാക്കി തിരിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. ദേശീയപാതയ്ക്കായി 45 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റർ വീതിയിൽ അര മീറ്റർ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയുള്ള സർവീസ് റോഡുകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ വരുന്ന ടോള്‍ നിരക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. ടോൾ പ്ലാസകൾ സ്ഥാപിക്കേണ്ട കാര്യത്തിൽ ഏകദേശം ധാരണ ആയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ദേശീയ പാതയിൽ 11 ഇടത്താണ് പുതിയ ടോൾ പ്ലാസകൾ തുറക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയപാത 66 പൂര്‍ണമായും തുറക്കുന്നതോടെ കാത്തിരിക്കുന്നത് വന്‍ ടോള്‍ നിരക്കുകള്‍ ആണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 60 മീറ്ററില്‍ കൂടുതലുള്ള മേല്‍പ്പാലങ്ങളുടെ ടോള്‍ നിശ്ചയിക്കുമ്പോള്‍ അതിന്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ചട്ടമെന്നും ഭാവി പാതകള്‍ക്കും ഈ ചട്ടം ബാധകമാണെന്നും ഓരോ 60 കിലോമീറ്ററിലും ടോള്‍ബൂത്ത് ആകാമെന്നാണ് ചട്ടം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഈ ടോള്‍ പ്ലാസകള്‍ എവിടെയൊക്കെയായിരിക്കും നിർമ്മിക്കുകയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
12.75 കിലോമീറ്ററില്‍ രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം വരുന്ന അരൂര്‍-തുറവൂര്‍ റീച്ചിലാകും വലിയ നിരക്ക് നല്‍കേണ്ടി വരികയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം തുറന്ന കഴക്കൂട്ടം ആകാശപാതയുടെ ആകെ നീളം 2.72 കിലോമീറ്ററാണ്. എന്നാല്‍ ചട്ടം അനുസരിച്ച് ടോള്‍ കണക്കാക്കുമ്പോള്‍ എടുക്കുക 27.2 കിലോമീറ്റര്‍ എന്ന തരത്തിലാകും. ജനവാസമേഖലകള്‍ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്‍പ്പാലങ്ങള്‍, ബൈപ്പാസ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് ദേശീയപാതാ 66 ന്റെ നിര്‍മാണം. ഇത്തരം പാലം നിര്‍മാണങ്ങള്‍ക്ക് സാധാരണ ജോലിയെക്കാള്‍ കൂടുതല്‍ പണം ഉപയോഗിക്കേണ്ടിവരും. അതുകൊണ്ടാണ് ഉയര്‍ന്ന ടോള്‍നിരക്കെന്നാണ് ദേശീയപാതാ അധികൃതര്‍ പറയുന്നത്.
അതേസമയം തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിരുന്നു. കഴക്കൂട്ടം ആകാശപാത കൂടി ടോളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസമാണ് കേന്ദ്രവിജ്ഞാപനം വന്നത്. ഇതോടെയാണ് തിരുവല്ലത്തെ ടോള്‍ബൂത്തില്‍ നിരക്ക് വലിയതോതില്‍ ഉയര്‍ന്നത്. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം. നേരത്തെ അത് 120 രൂപയായിരുന്നു. 30 രൂപയാണ് വർധിച്ചത്. കാറിനുള്ള പ്രതിമാസ പാസ് 5035 രൂപയിലും മാറ്റം വന്നിട്ടുണ്ട്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ് ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ 970 രൂപ വരെയും ടോള്‍ നൽകണം.
തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒരുവർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു. ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ടോള്‍ബൂത്തിന്റെ പരിധിയില്‍ പുതിയൊരു മേല്‍പ്പാലംകൂടി ഈഞ്ചയ്ക്കലില്‍ നിര്‍മിക്കുന്നുണ്ട്. അതിന്റെ പണികഴിഞ്ഞാല്‍ ടോള്‍ നരിക്കുകള്‍ വീണ്ടും കൂടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം ദേശീയപാതകളിൽ ബിഒടിക്ക് പകരം ടിഒടി(ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ) ടോൾ പിരിവ് സംവിധാനം വരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിർമാണം ദേശീയപാത അതോറിറ്റി പൂർത്തിയാക്കിയശേഷം പദ്ധതി നിശ്ചിതകാലയളവിലേക്ക് സ്വകാര്യകമ്പനികൾക്ക് കൈമാറുന്ന രീതിയാണിത്. നിലവിൽ പാതകളിൽ ടോൾ പിരിക്കാൻമാത്രമാണ് കരാർ നൽകുന്നത്. സ്വകാര്യഏജൻസികൾ നിർമിച്ചശേഷം, ടോൾ പിരിച്ച് ദേശീയപാതയ്ക്ക് കൈമാറുന്ന ബി.ഒ.ടി. വ്യവസ്ഥയ്ക്ക് പരാതികൾ ഉയർന്നതിനെത്തുടർന്നാണ് പുതിയ മോഡൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.
രാജ്യത്തെ നാഷണല്‍ ഹൈവേകളിൽ നിന്ന് 85,000 കോടിയുടെ ഫണ്ട് ലക്ഷ്യമിട്ടാണ് ടിഒടി നീക്കം. സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി ഇതിന് അംഗീകാരം നൽകിയിരുന്നു. നിർമ്മാണത്തിന് മുടക്കിയ തുക അതോറിറ്റിക്ക് കൈമാറണം. ലേലം വിളിച്ച് നിശ്ചിത തുക ടെൻഡർ ക്ഷണിച്ചാകും റീച്ചുകൾ കൈമാറുക. പിന്നീട് സ്വകാര്യകമ്പനികളാകും ഇവിടെ ടോൾതുക ഈടാക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതും. 25 മുതൽ 30 വർഷത്തേക്കാകും കരാർ. ദേശീയപാത 66ൽ നിലവിൽ ഇത്തരം ടോൾപിരിക്കൽ രീതി തീരുമാനിച്ചിട്ടില്ലെന്നും ഭാവിയിൽ വരാൻ സാധ്യത ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Post a Comment