Join News @ Iritty Whats App Group

മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ അറ്റം വായിലിട്ടു നുണഞ്ഞു ; എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഷോക്കേറ്റു മരിച്ചു



ബംഗലുരു: മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു നുണഞ്ഞ പിഞ്ചുകുഞ്ഞ് ഷോക്കേറ്റു മരിച്ചു. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിദ്ധരദ ഗ്രാമത്തിലെ സന്തോഷ് - സഞ്ജന ദമ്പതികളുടെ മകള്‍ സാന്നിദ്ധ്യ കാല്‍ഗുത്കറാണ് മരണമടഞ്ഞത്. സ്വിച്ച് ഓഫ് ചെയ്യാതെ മൊബൈല്‍ ചാര്‍ജ്ജര്‍ സോക്കറ്റില്‍ കുത്തിയിട്ട നിലയിലായിരുന്നു.

ഇതിന് സമീപം കിടത്തിയിരുന്ന കുഞ്ഞ് കളിക്കുന്നതിനിടയില്‍ മൊബൈല്‍ ചാര്‍ജറിന്റെ വയറില്‍ കയറിപിടിക്കുകയും അത് വായിലിട്ട് നുണയുകയും ചെയ്തതോടെ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. അപകടം മനസ്സിലാക്കി ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ കുട്ടിയെ കൊണ്ടുപോയെങ്കിലും അപ്പോഴേയ്ക്ക് കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി.

പിതാവ് സന്തോഷ് കാല്‍ഗുടക് ഹുബാളി ഇലക്ട്രിക് സപ്‌ളൈ കമ്പനിയായ ഹെസ്‌കോമിലെ കരാര്‍ ജീവനക്കാരനാണ്. കുഞ്ഞുമരിച്ച വിവരമറിഞ്ഞ് ഇയാള്‍ പണിസ്ഥലത്ത് വെച്ചുതന്നെ കുഴഞ്ഞുവീണു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാന്നിദ്ധ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായിരുന്നു. കുട്ടികളില്‍ ഒരാളുടെ ജന്മദിന പാര്‍ട്ടി ബുധനാഴ്ച നടത്താന്‍ പദ്ധതിയിട്ട് തയ്യാറെടുപ്പ് നടക്കുമ്പോഴാണ് ഇളയ കുട്ടി മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group