Join News @ Iritty Whats App Group

'എകെജി സെന്‍റർ നിൽക്കുന്നത് പട്ടയ ഭൂമിയിൽ'; എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ


കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴൽനാടൻ പ്രത്യാക്രമണം നടത്തി. എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണ് എകെജി സെന്‍ററെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ് എം വി ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ വിമര്‍ശിച്ചു.

ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. 9 കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയിൽ ഓഹരിയുണ്ട്. അതിന്റെ മൂല്യമാണിത്. എം വി ഗോവിന്ദൻ പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

വീണ വിജയന് പ്രതിരോധം തീർക്കാനാണ് എം വി ഗോവിന്ദന്‍ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ എല്ലാ ചരിത്രവും മറന്നാണ് മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാൻ ഇറങ്ങുന്നത്. സി എന്‍ മോഹനാനും സി വി വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനുള്ള ആർജ്ജവം എം വി ഗോവിന്ദൻ ഉണ്ടോ എന്ന് ചോദിച്ച മാത്യു കുഴൽനാടൻ, പാർട്ടി സെക്രട്ടറി ഇവരുടെ വരുമാനവും സ്വത്തും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയാൽ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാകും സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post
Join Our Whats App Group