Join News @ Iritty Whats App Group

യോഗി ആദിത്യനാഥിന് മന്ത്രി ശിവൻകുട്ടിയുടെ കത്ത്, സഹപാഠികളെ കൊണ്ട് കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ നടപടി വേണം


തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തിൽ അടിയന്തര കർശന നടപടി ആവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ലിക് സ്കൂളിൽ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 

നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്ത്വങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് സ്കൂളിൽ സംഭവിച്ചത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ല. കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ആദരവും ധാരണയും ഐക്യവും വളർത്തുന്ന ഒരു അന്തരീക്ഷം അവർക്ക് നൽകേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു. 

മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്കൂളിലാണ് കഴിഞ്ഞ ദിവസം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച വിവാദ സംഭവം നടന്നത്. കുട്ടിയെ മര്‍ദ്ദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ അധ്യാപിക തൃപ്ത ത്യാഗി പ്രിന്‍സിപ്പല്‍ കൂടിയായതിനാല്‍ അന്വേഷണത്തെ ബാധിച്ചെങ്കിലോ എന്ന് കണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. അന്വേഷണം പൂര്‍ത്തിയാകും വരെ കുട്ടികളെ സമീപത്തെ മറ്റ് സ്കൂളുകളില്‍ പ്രവേശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. മാനസികമായും വലിയ ആഘാതമേറ്റ രണ്ടാംക്ലാസുകാരന് ശിശുക്ഷേമ സമിതി കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. അതേ സമയം വളരെ ദുര്‍ബലമായ വകുപ്പുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.ഐപിസി 323, 504 എന്നീ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് യുപി സ്വദേശിയായ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാണെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഗ്രാമത്തലവനും, കിസാന്‍ യൂണിയന്‍ നേതാക്കളുമാണ് പിന്നിലെന്നാണ് ആക്ഷേപം. മര്‍ദ്ദിച്ച സഹപാഠിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് ആലിംഗനം ചെയ്തതടക്കമുള്ള കാര്യങ്ങള്‍ ഒത്തുതീര്‍പ്പ് നീക്കത്തിന്‍റെ ഭാഗമായുള്ള നടപടിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group