Join News @ Iritty Whats App Group

ഓണത്തിന് കര്‍ഷകരുടെ പ്രശ്‌നങ്ങളും വിഷം കഴിക്കുന്ന മലയാളിയുടെ പ്രശ്‌നവും പറഞ്ഞ് ജയസൂര്യ ; മന്ത്രിമാര്‍ വേദിയിലിരിക്കെ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ; സൂപ്പറെന്ന് സോഷ്യല്‍ മീഡിയ

കളമശേരി: തിരുവോണ നാളില്‍ പട്ടിണിസമരം നടത്തേണ്ടി വരുന്ന കര്‍ഷകരുടെ വിഷയവും വിഷം നിറഞ്ഞ പച്ചക്കറി കഴിക്കേണ്ടി വരുന്ന കേരളീയരുടെ ഗതികേടും തുറന്നടിച്ച് നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കേരളത്തിന്റെ കൃഷിമന്ത്രിയേയും വ്യവസായമന്ത്രിയെയും വേദിയില്‍ ഇരുത്തിയാണ് നടന്‍ കേരളാ സര്‍ക്കാരിനെതിരേ രൂക്ഷമായി വിമര്‍ശനം തൊടുത്തത്.

നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന ദുരിതത്തെക്കുറിച്ച് നടന്‍ പഞ്ഞു. നടന്‍ കൃഷ്ണപ്രസാദിനെ ചൂണ്ടിയായിരുന്നു കര്‍ഷകരുടെ പ്രശ്‌നത്തെ ജയസൂര്യ വെളിവാക്കിയത്. ''തന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടന്‍ കൂടിയായ അദ്ദേഹത്തിന്റെ പേര്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. 56 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയില്‍നിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാര്‍ അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങള്‍ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അര്‍ കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഇക്കാര്യം സംസാരിക്കുന്നത്.'' ജയസൂര്യ പറഞ്ഞു.

പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതൊന്നും താല്‍പര്യമില്ലെന്ന് പറഞ്ഞ ജയസൂര്യ പക്ഷേ, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സര്‍, ഇതിലേക്ക് വീണ്ടും ഒരു തലമുറ കൂടി വരുന്നത്? എന്നും ചോദിച്ചു. ഒരിക്കലും വരില്ലെന്നും അതിന് കാരണം, കൃഷിക്കാരെന്ന നിലയില്‍ എല്ലാം നല്ല രീതിയില്‍ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലല്ലേ പുതിയ തലമുറ ഇതിലേക്കു വരൂ എന്നും ജയസൂര്യ പറഞ്ഞു.

വിഷമടിക്കുന്ന പച്ചക്കറികളാണ് കേരളത്തിലുള്ളവര്‍ കഴിക്കുന്നതെന്നും ജയസൂര്യ പ്രസംഗത്തില്‍ പറഞ്ഞു. '' പാലക്കാട് ഒരു അരിമില്ലില്‍ പോയപ്പോള്‍, അരിയുടെ ഒരു ബ്രാന്‍ഡ് കണ്ടു. നമ്മുടെ നാട്ടില്‍ കാണാത്ത ഒന്ന്. മില്ലിന്റെ ഉടമയോട് ഇത് ഏത് ബ്രാന്‍ഡാണ് എന്ന് അന്വേഷിച്ചു. അത് ഇവിടെ വില്‍ക്കാനല്ലെന്നും, ഫസ്റ്റ് ക്വാളിറ്റിയെന്ന നിലയില്‍ പുറത്തേക്ക് കയറ്റി അയയ്ക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല എന്നാണ് അയാള്‍ പറഞ്ഞത്. ഇവിടെ എന്തുകൊടുത്താലും പ്രത്യേകിച്ച് പരിശോധനയൊന്നുമില്ലാതെ വിടുമെന്ന് അയാള്‍ പറഞ്ഞു. ഇങ്ങനെയുള്ള വിഷപ്പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേഡ് ക്വാളിറ്റി അരിയും കഴിക്കേണ്ട ഗതികേടിലാണ് നമ്മള്‍'' ജയസൂര്യ പറഞ്ഞു.

പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസത്തിലാണ് താന്‍ ഇക്കാര്യം ഈ വേദിയില്‍ പറഞ്ഞതെന്നും ജയസൂര്യ വ്യക്തമാക്കി. കളമശേരി കാര്‍ഷികോത്സവത്തിലായിരുന്നു പ്രസംഗം. അതേസമയം, ജയസൂര്യയുടെ വീട്ടില്‍ ഉടന്‍ സ്ഥലം അളക്കാന്‍ ആളെത്തുമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. 'സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണ'മെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും 'ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്' എന്ന് വി.ടി.ബല്‍റാമും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group