Join News @ Iritty Whats App Group

പുതുപ്പള്ളി തൊഴില്‍ വിവാദം; സതിയമ്മക്കെതിരെ കേസ്


കോട്ടയം: പുതുപ്പള്ളി വെറ്റിനറി ഉപകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മക്കെതിരെ കേസെടുത്തു. വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വ്യാജ രേഖ ചമച്ചാണ് സതിയമ്മ വെറ്റിനറി ഉപകേന്ദ്രത്തില്‍ ജോലി നേടിയതെന്ന ലിജിമോളുടെ പരാതിയിലാണ് കോട്ടയം ഈസ്റ്റ്‌ പോലീസ് കേസെടുത്തത്.

പുതുപ്പള്ളി മൃഗസംരക്ഷണ കേന്ദ്രത്തില്‍ വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തെന്നാണ് സതിയമ്മക്കെതിരായ എഫ്.ഐ.ആറിൽ പറയുന്നത്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും കേസില്‍ പ്രതികളാണ്.

ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേക്കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു യുഡിഎഫ് അടക്കം ആരോപണം ഉന്നയിച്ചത്.

മന്ത്രി ജെ.ചിഞ്ചുറാണി വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു.ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നും മന്ത്രി പറഞ്ഞു. ‌ജിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തത്.

പണം നൽകിയിരുന്നതും ജിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ച മുമ്പാണ് സതി അമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group