Join News @ Iritty Whats App Group

ഇന്ത്യക്ക് തങ്കം, ലോക ചരിത്രമെഴുതി നീരജ് ചോപ്ര; ലോക അത്‌ലെറ്റിക്‌സില്‍ റെക്കോര്‍ഡ്



ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നേട്ടം. ചന്ദ്രനെ കീഴടക്കിയ ഇന്ത്യയുടെ ലോകം കീഴടക്കിയ അത്‌ലറ്റായി പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടത്തിലേക്കാണ് നീരജ് എത്തിയിരിക്കുന്നത്.

ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.

ഈ വര്‍ഷം നിരവധി തവണ പരിക്ക് തളര്‍ത്തിയിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് 25കാരനായ നീരജ് ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുന്നത്. ബുഡാപെസ്റ്റ് ഫൈനലില്‍ ഇറങ്ങിയ നീരജ് ചോപ്ര നിരാശയോടെയാണ് അങ്കം തുടങ്ങിയത്.

ചോപ്രയുടെ ആദ്യ ശ്രമം ഫൗളായി. എന്നാല്‍ അടുത്ത ശ്രമത്തില്‍ 88.17 മീറ്ററുമായി നീരജ് ഏറ്റവും മുന്നിലെത്തി. 87.82 മീറ്ററുമായി പാകിസ്ഥാന്റെ അര്‍ഷാദ് നദീം, നീരജിന് കനത്ത വെല്ലുവിളിയുയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 86.32ലെത്താനേ നീരജിനായുള്ളൂ.

84.64, 87.73, 83.98 എന്നിങ്ങനെയാണ് പിന്നീടുള്ള ശ്രമങ്ങളില്‍ നീരജ് പിന്നിട്ട ദൂരം. എന്നാല്‍ തന്റെ രണ്ടാം ശ്രമം കൊണ്ടുതന്നെ നീരജ് ചോപ്ര സ്വര്‍ണം ഉറപ്പിച്ചിരുന്നു. കടുത്ത മത്സരം കാഴ്ചവെച്ച പാകിസ്ഥാന്റെ അര്‍ഷാദ് നദീം വെള്ളി സ്വന്തമാക്കി. 86.67 മീറ്ററുമായി ചെക് താരം യാകൂബിനാണ് വെങ്കലം.

Post a Comment

Previous Post Next Post
Join Our Whats App Group