തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അപൂർവങ്ങളിൽ അപൂർവമായ പീഡനമാണ് ഹർഷിന നേരിടുന്നതെന്ന് പിഎംഎ സലാം പറഞ്ഞു. അന്തർനാടകങ്ങൾ നടക്കുന്നു. ആരോഗ്യവകുപ്പ് ആർക്ക് വേണ്ടിയാണ് കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും സലാം ചോദിച്ചു.
അതേസമയം, സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമെടുത്ത കേസിൽ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടർമാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരുമാണ് കേസിൽ പ്രതികൾ.
കേസിൽ കുറ്റപത്രം സമർപ്പിക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാല്‍, ഈ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.
പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നാണ് ഹർഷിനയുടെ പ്രതികരണം. പൊലീസിൽ നിന്നും നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കൽ എത്തിക്സിനു വിരുദ്ധമാണ് കെജിഎംസിടിഎ നിലപാടെന്നും ഹർഷിന പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഹർഷിന.
Post a Comment