കൊച്ചി: മണ്‍സൂണ്‍ ചതിച്ചതോടെ കേരളം അസാധാരണമായ കാലാവസ്ഥ ഭീഷണിയെ നേരിടേണ്ടിവരുമെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. 2018-ല്‍ പ്രളയമുണ്ടായതിനുശേഷം പിന്നിട്ട അഞ്ചുവര്‍ഷങ്ങളിലും മികച്ച മണ്‍സൂണ്‍ ലഭിച്ചതിനുശേഷമാണ് ഇപ്പോള്‍ മഴയില്ലായ്മ സംസ്ഥാനത്തെ വലയ്ക്കുന്നത്. വരാനിരിക്കുന്നത് വരള്‍ച്ചാകാലംതന്നെയാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
ജൂണ്‍ ഒന്നുമുതല്‍ കഴിഞ്ഞ 15 വരെ 1556 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 877.1 മില്ലീ മീറ്ററാണു ലഭിച്ചത്. മഴക്കുറവ് 44 ശതമാനം. ഓഗസ്റ്റ് പാതി പിന്നിടുമ്പോള്‍ ഈ മാസം കിട്ടേണ്ടതിന്റെ 10 ശതമാനം മഴയേ പെയ്തിട്ടുള്ളൂ. ഇനിയങ്ങോട്ട് ബാക്കി ലഭിക്കേണ്ട മഴ കിട്ടുമെന്നു പ്രവചിക്കാന്‍ ഗവേഷകര്‍ക്കുമാകുന്നില്ല.
2015-16 കാലയളവില്‍ എല്‍നിനോ പ്രതിഭാസം ശക്തമായിരുന്നപ്പോള്‍ മഴ കുറവായിരുന്നു. അതിനു സമാനമായ വരള്‍ച്ചാ സാഹചര്യമാണിപ്പോഴുള്ളത്. ഇക്കുറി മണ്‍സൂണിന്റെ തുടക്കത്തില്‍ അറബിക്കടലിലുണ്ടായ ബിപര്‍ജോയ് ചുഴലിക്കാറ്റ് മണ്‍സൂണ്‍ മഴക്കാറ്റിനെ വലിച്ചെടുത്തതു മുതല്‍ മഴക്കുറവ് ആരംഭിച്ചു. അതുമൂലം ജൂണില്‍ ലഭിക്കേണ്ട മഴ കിട്ടിയില്ല.
പസഫിക്കില്‍ കടലിനെ ചൂടുപിടിപ്പിക്കുന്ന എല്‍നിനോയും മണ്‍സൂണിനെ ബാധിച്ചു. എല്‍നിനോ രൂപപ്പെടുന്ന വേളയില്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മണ്‍സൂണിനെ മൂന്നോട്ടു നയിക്കുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍(ഐ.ഒ.ഡി) ഉണ്ടാകുന്ന പതിവുണ്ടായിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മധ്യ-പടിഞ്ഞാറ്, മധ്യ-കിഴക്ക് എന്നിവിടങ്ങളിലെ താപനിലയുണ്ടാകുന്ന വ്യത്യാസമാണ് ഐ.ഒ.ഡി. കിഴക്കുഭാഗത്തേക്കാള്‍ പടിഞ്ഞാറ് ചൂടുകൂടുന്ന പോസിറ്റീവ് ഡൈപോള്‍ ആണ് മഴയ്ക്കു ഗുണകരമാകുന്നത്. തീരദേശങ്ങളില്‍ ശക്തമായ മഴ പെയ്യിക്കാന്‍ പോസിറ്റീവ് ഡൈപോളിനു കഴിയും.
ഈ പോസിറ്റീവ് ഡൈപോള്‍ എല്‍നിനോയെ മറികടന്ന് മഴ പെയ്യിക്കുമെന്ന പ്രതീക്ഷയാണ് നഷ്ടമായിരിക്കുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
നിലവില്‍ നിര്‍വീര്യമായ അവസ്ഥയിലാണ് ഐ.ഒ.ഡി. അത് പോസിറ്റീവ് ആയി മാറണമെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടിവരും. അറബിക്കടലില്‍ മഴമേഘങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ അതിനെ കരയിലേക്ക് അടുപ്പിക്കാന്‍ കാറ്റ് ശക്തമാകാതിരുന്നതും മഴയ്ക്കു തിരിച്ചടിയായി. അറബിക്കടലിലെ മണ്‍സൂണില്‍ സജീവമാകുന്ന ന്യൂനമര്‍ദപാത്തി ഇക്കുറി ദുര്‍ബലമായതും മഴക്കുറവിന് കാരണമായി.
കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ഓഗസ്റ്റില്‍ സാധാരണയോ അതില്‍ കവിഞ്ഞോ മഴ ലഭിച്ചിരുന്നതും ഇക്കുറി ഉണ്ടായില്ല. മഴക്കുറവിനൊപ്പം അന്തരീക്ഷ താപനില ഉയരുന്നതും വരള്‍ച്ചയിലേക്ക് വേഗത്തില്‍ നാടിനെ നയിക്കും. എല്‍നിനോ ശക്തിയായി തുടരുന്നതുമൂലം ഇനി സെപ്റ്റംബറിലോ ഒക്‌ടോബറിലോ കാര്യമായ മഴ കിട്ടുമെന്ന് ഉറപ്പുമില്ല.
കേരളത്തിലെ തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ പൊതുവേ കുറഞ്ഞുവരുന്നുവെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അറബിക്കടലിലെ താപനില കൂടിയതും മണ്‍സൂണ്‍ കാറ്റിന്റെ വിതരണത്തിലുണ്ടായ വ്യതിയാനവുമാണ് തിരിച്ചടിയായത്. 1901-നു ശേഷം ഏറ്റവു മഴ കുറഞ്ഞ ഓഗസ്റ്റ് മാസമാണു കടന്നുപോകുന്നത്.
Post a Comment