Join News @ Iritty Whats App Group

വാഴവെട്ട് കേസിൽ പ്രശ്ന പരിഹാരം; കർഷകന് നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി കെഎസ്ഇബി

ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ച സംഭവത്തില്‍ പ്രശ്ന പരിഹാരത്തിനൊരുങ്ങി കെഎസ് ഇ ബി. വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകുവാനാണ് തീരുമാനം. മൂന്നര ലക്ഷം രൂപയാണ് കർഷകന് നൽകുക. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. കർഷകന് നഷ്ടപരിഹാരം കൊടുക്കുന്നകാര്യം പരിഗണിക്കുമെന്നും നേരത്തെ മന്ത്രി അറിയിച്ചിരുന്നു.

സംഭവത്തില്‍ ഏറെ പ്രതിഷേധം ഉയർന്നിരുന്നു. കൃഷി മന്ത്രി ഉൾപ്പെടെ നിരവധിപ്പേരാണ് കെ എസ് ഇ ബി യുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.‌ കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം.

വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴിലായിരുന്നു കൃഷി. പുതുപ്പാടി ഇളങ്ങടത്ത് യുവ കർഷകൻ അനീഷിന്റെയും പിതാവ് തോമസിന്റേയും തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന കർഷകരെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.

Post a Comment

Previous Post Next Post
Join Our Whats App Group