മാന്നാർ: ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവിനെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പടിഞ്ഞാറ്റും മുറി തെങ്ങും തോപ്പിൽ ടോണി എസ് മാത്യു (25) വിനെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. ചെന്നിത്തലയിലുള്ള ട്യൂഷൻ സെന്‍ററിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ ബൈക്കിലെത്തിയ പ്രതി കണ്ണ് കൊണ്ടും കൈ കൊണ്ടും മറ്റും ആംഗ്യങ്ങൾ കാണിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു.
ഭയപ്പെട്ട വിദ്യാർത്ഥിനികൾ സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പിന്നാലെ ഓടി ചെന്ന് പ്രതി കുട്ടികളെ ഭയപ്പെടുത്തുകയും ചെയ്തതായി പൊലിസ് പറഞ്ഞു. ഈ സമയം പ്രതി വന്ന ബൈക്കിന്റെ നമ്പർ കുട്ടികൾ എഴുതി എടുക്കുകയായിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ബൈക്കിന്റെ നമ്പർ ഉൾപ്പെടെ നൽകി മാന്നാർ പൊലീസിൽ പരാതി നൽകി.
മാന്നാർ പൊലിസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം സി എസ്, ജി എസ് ഐ വിജയകുമാർ, എ എസ് ഐ മധുസൂദനൻ, സിവിൽ പൊലിസ് ഓഫീസർമാരായ സാജിദ്, അൻസാർ, നിസാം എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, കൊല്ലം കുളത്തൂപ്പുഴയിൽ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസിൽ പ്രതികൾക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവർക്കെതിരെയാണ് നടപടി. വില്ലേജ് ഓഫീസിൽ നിന്ന് പെൺകുട്ടിയുടെ ജാതി സർട്ടിഫിക്കറ്റ് കിട്ടിയ പശ്ചാത്തലത്തിലാണ് പുതിയ വകുപ്പ് കൂടി ചുമത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് ദൃശ്യങ്ങൾ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താനാണ് ശ്രമം. പുനലൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
Post a Comment