Join News @ Iritty Whats App Group

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‌പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി ബുധനാഴ്ച പ്രകാശനം ചെയ്യും



തിരുവനന്തപുരം > എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങൾ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികൾ ആകും.

ദേശീയ- സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണ നടപടികളുടെ ഭാ​ഗമായി എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറു മുതൽ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇതിനോട് അപ്പോൾ തന്നെ കേരളം അക്കാദമികമായി പ്രതികരിച്ചിരുന്നു.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കേരളം നിർമ്മിക്കുന്നവയാണ്. അതിനാൽ അതുവരെയുള്ള ക്ലാസുകളിൽ എൻസിഇആർടി വരുത്തിയ മാറ്റങ്ങൾ കേരളത്തെ സാരമായി ബാധിക്കില്ല. എന്നാൽ 11, 12 ക്ലാസ്സുകളിൽ കേരളം എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ പാഠപുസ്തകങ്ങളിലാണ് വ്യാപകമായ വെട്ടിമാറ്റലുകൾ നടന്നത്. ഇത്തരം കാര്യങ്ങൾ കൂടുതലും മാനവിക വിഷയങ്ങളിലാണ് വന്നിരിക്കുന്നത്. ആയതിനാലാണ് കേരളം മാനവിക വിഷയങ്ങളിൽ അധികമായി പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചത്. നാല് വിഷയങ്ങളിലായി ആറ് പാഠപുസ്തകങ്ങൾ ആണ് പുറത്തിറക്കുന്നത്.

ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ മഹാത്മാജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെയുള്ളവയും ഇക്കണോമിക്സിൽ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയിൽ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരാമർശിക്കുന്ന ഭാഗങ്ങൾ ആണ് എൻസിഇആർടി ഒഴിവാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group